ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ: ബലാത്സംഗക്കേസിൽ മലയാളിയായ അനൂപ് ബാലകൃഷ്ണന് ലിവർപൂൾ ക്രൗൺ കോടതി 12 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു. രണ്ടുവർഷം മുമ്പ് വിദ്യാർഥി വിസയിൽ യുകെയിലെത്തിയ അനൂപിന് ലിവർപൂളിലെ വിസ്റ്റൺ ആശുപത്രിയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം പീഡനക്കേസിൽ ഇയാൾ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. ലിവർപൂളിലെ ഓൾഡ് സ്വാനിലുള്ള മൺസ്റ്റർ റോഡിൽ ആണ് ഇയാൾ താമസിച്ചിരുന്നത്.
മൂന്ന് ബലാത്സംഗക്കേസുകളും ഒളിഞ്ഞുനോട്ടവുമായി ബന്ധപ്പെട്ട കേസുമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഒളിഞ്ഞുനോട്ടം നടത്തിയതായുള്ള കുറ്റം അനൂപ് സമ്മതിച്ചിരുന്നു. തുടർന്ന് നടന്ന വിചാരണയിൽ ബലാത്സംഗക്കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തടവുശിക്ഷയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ തുടരണമെന്നും ഇരയുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും കോടതി ഉത്തരവിട്ടു.
മെർസിസൈഡ് പൊലീസിലെ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ബോബ് സന്ധത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി മെർസിസൈഡ് പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.










Leave a Reply