ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ യുകെയിൽ ഇമെയിൽ, സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നടന്ന തട്ടിപ്പുകളുടെ കാര്യത്തിൽ ഒരു വർഷത്തിനിടെ 400 ശതമാനത്തിലേറെ വർദ്ധനയുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . ഇത്തരം അക്കൗണ്ട് ഹാക്കിങ് തട്ടിപ്പുകളിലൂടെ 2025–26 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത നഷ്ടം 63 ലക്ഷം പൗണ്ടിലെത്തി. 2024–25ൽ ഇത് 12 ലക്ഷം പൗണ്ടായിരുന്നു. സിറ്റി ഓഫ് ലണ്ടൻ പൊലീസിന്റെ നേതൃത്വത്തിലുള്ള ‘റിപ്പോർട്ട് ഫ്രോഡ്’ പുറത്തുവിട്ട കണക്കുകളാണിത്. എന്നാൽ പലരും നാണക്കേട് ഭയന്നോ നഷ്ടപ്പെട്ട തുക കുറവായതിനാലോ പരാതി നൽകാത്തതിനാൽ യഥാർഥ നഷ്ടം ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല സംഭവങ്ങളിലും ഹാക്കർമാർ ആളുകളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈക്കലാക്കിയശേഷം അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തുന്നത്. വിറ്റുതീർന്ന പരിപാടികളുടെയോ മറ്റ് ഇവന്റുകളുടെയോ വ്യാജ ടിക്കറ്റുകൾ അക്കൗണ്ട് ഉടമയുടെ പേരിൽ വിൽക്കുന്നതാണ് പ്രധാന രീതികളിലൊന്ന്. കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പുകാർ അക്കൗണ്ട് ഉടമയായി നടിച്ച് ഓയാസിസ് സംഗീത പരിപാടിയുടെ ടിക്കറ്റുകൾ സുഹൃത്തുക്കൾക്ക് വിൽക്കുകയും 1,400 പൗണ്ട് തട്ടിയെടുക്കുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വാട്സാപ്, ടെക്സ്റ്റ് സന്ദേശങ്ങൾ എന്നിവയിലൂടെയും സമാന തട്ടിപ്പുകൾ വ്യാപകമാണ്. മകനോ മകളോ അടിയന്തിര സാഹചര്യത്തിലാണെന്ന് പറഞ്ഞ് ഉടൻ പണം ആവശ്യപ്പെടുന്ന ‘ഹായ് മം’ തട്ടിപ്പും ഇതിൽപ്പെടുന്നു.

ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് വ്യക്തിപരമായ പ്രശ്നം മാത്രമല്ലെന്നും അതിലൂടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും വരെ തട്ടിപ്പിന് ഇരകളാകാമെന്നും ‘റിപ്പോർട്ട് ഫ്രോഡ്’ ഓപ്പറേഷൻസ് മേധാവി ചീഫ് സൂപ്രണ്ട് അമാൻഡ വൂൾഫ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പാസ്‌കീ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ‘റിപ്പോർട്ട് ഫ്രോഡ്’ ബോധവൽക്കരണ ക്യാംപയിനും ആരംഭിച്ചു. ലഭ്യമായിടത്ത് പാസ്‌വേഡ് ഒഴിവാക്കി ഉപകരണവും ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ച് തിരിച്ചറിയൽ ഉറപ്പാക്കുന്ന പാസ്‌കീ സംവിധാനം സ്വീകരിക്കണമെന്നാണ് നിർദേശം.