ലണ്ടന്‍: മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം1 അപകടത്തില്‍ പിടിയിലായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ടുകാരനായ റൈസാര്‍ഡ് മാസിറാക്ക്, ബ്രിട്ടീഷ് പൗരനായ ഡേവിഡ് വാഗ്സ്റ്റാഫ് എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്.

തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അവധി ദിവസമായിരുന്ന ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വാന്‍ ഓടിക്കുകയായിരുന്ന സിറിയക്ക് ജോസഫും ഇന്ത്യക്കാരായ യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിനിരയായ വാനിലേക്ക് പ്രതികള്‍ ഓടിച്ചിരുന്ന ലോറികള്‍ ഇടിച്ചു കയറുകയായിരുന്നു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

്അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. വാഗ്‌സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന്‍രെ എട്ട് കൗണ്ടുകളും അശ്രദ്ധമായ ഡ്രൈവിംഗിന് ചുമത്തിയ നാല് കൗണ്ടുകളും പന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ കോടതി കേസില്‍ തുടര്‍വാദം കേള്‍ക്കും.