ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ: 1819ലെ പീറ്റർലൂ കൂട്ടക്കൊലയ്ക്കും കരീബിയൻ മേഖലയിൽ ആഫ്രിക്കൻ വംശജരെ അടിമകളാക്കി നടത്തിയ ചൂഷണത്തിനും തമ്മിൽ ബന്ധമുണ്ടായിരുന്നെന്ന് പഠനം. മാഞ്ചസ്റ്ററിലെ പരുത്തിത്തൊഴിലാളികളുടെ അവകാശസമരങ്ങളും അടിമത്തത്തിനെതിരായ പോരാട്ടങ്ങളും ഒരേ ചൂഷണവ്യവസ്ഥയുടെ ഭാഗമായിരുന്നുവെന്നാണ് ഗ്ലോബൽ ത്രെഡ്സ് എന്ന പൊതുചരിത്ര ഗവേഷണപദ്ധതിയുടെ കണ്ടെത്തൽ. രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെട്ട് 1819 ഓഗസ്റ്റ് 16ന് മാഞ്ചസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് ഫീൽഡിൽ ഒത്തുകൂടിയ 60,000ത്തോളം പേരുടെ പ്രതിഷേധത്തിനുനേരെ കുതിര പട്ടാളം നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ തൊഴിലാളിവർഗത്തിന്റെ വോട്ടവകാശ പോരാട്ടത്തിൽ നിർണായകമായ സംഭവമായിരുന്നു പീറ്റർലൂ കൂട്ടക്കൊല. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്നീട് മാഞ്ചസ്റ്റർ ഗാർഡിയൻ പത്രം സ്ഥാപിക്കപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഹ്യൂഗ് ഹോൺബി ബിർലിയുടെ കുടുംബസമ്പത്ത് അടിമവ്യാപാരവുമായി ബന്ധപ്പെട്ടിരുന്നുവെന്നും പഠനം കണ്ടെത്തി. അടിമകളെ കടത്തിയ 103 കപ്പൽയാത്രകൾക്ക് ധനസഹായം നൽകുകയും അതിലൂടെ ലാഭം നേടുകയും ചെയ്ത ഡാനിയൽ ബാക്ക്ഹൗസിന്റെ സ്വത്തുവകകളിൽനിന്ന് ബിർലി കുടുംബത്തിന് സാമ്പത്തിക നേട്ടമുണ്ടായിരുന്നുവെന്നാണ് ഗവേഷകയായ എല്ലാ സിൻക്ലെയറിന്റെ കണ്ടെത്തൽ. അതേസമയം, മാഞ്ചസ്റ്റർ ഗാർഡിയന് സാമ്പത്തിക സഹായം നൽകിയ സർ ജോർജ് ഫിലിപ്‌സ് ജമൈക്കയിലെ അടിമത്തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന സക്സസ് തോട്ടത്തിന്റെ ഉടമയുമായിരുന്നു. മാഞ്ചസ്റ്ററിലെ വ്യവസായ പ്രമുഖർക്ക് ആഗോള വ്യാപാരത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ഉറപ്പിക്കാൻ കൊളോണിയലിസവും അടിമത്തവും സഹായിച്ചിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ജമൈക്കയിൽ അടിമസ്ത്രീക്ക് ജനിച്ച റോബർട്ട് വെഡർബേൺ എന്ന കറുത്തവർഗക്കാരനായ അടിമത്തവിരുദ്ധ പ്രവർത്തകനും പീറ്റർലൂ കൂട്ടക്കൊലയെ അടിമത്തത്തിനെതിരായ പോരാട്ടവുമായി ബന്ധപ്പെടുത്തി. 1819 സെപ്റ്റംബറിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം കൂട്ടക്കൊലയെ അധികാരികൾ നടത്തിയ കൊലപാതകമെന്ന് വിശേഷിപ്പിച്ചു. മാഞ്ചസ്റ്ററിലെ തൊഴിലാളികൾക്ക് രാഷ്ട്രീയ അവകാശങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നിഷേധിച്ച അതേ ഉന്നതവർഗമാണ് ആഫ്രിക്കൻ അടിമകളെയും ചൂഷണം ചെയ്തതെന്ന് വെഡർബേൺ വാദിച്ചു. പീറ്റർലൂ സംഭവവും അടിമത്തവിരുദ്ധ പ്രക്ഷോഭങ്ങളും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന ചരിത്രവീക്ഷണമാണ് പുതിയ പഠനം മുന്നോട്ടുവയ്ക്കുന്നത്.