ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: തലസ്ഥാനമായ ലണ്ടനിലെ ഏറ്റവും പഴക്കമുള്ള റസ്റ്ററന്റായ ‘റൂൾസി’ന്റെ ചരിത്രപ്രാധാന്യമുള്ള കെട്ടിടം നാഷണൽ ട്രസ്റ്റിന് സംഭാവനയായി നൽകി. 1798-ൽ തോമസ് റൂൾസ് ആരംഭിച്ച റസ്റ്ററന്റ് രണ്ട് നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരികയാണ്. ഒൻപത് ബ്രിട്ടീഷ് രാജാക്കന്മാരുടെയും 45 പ്രധാനമന്ത്രിമാരുടെയും കാലഘട്ടങ്ങൾക്ക് സാക്ഷിയായ ഈ സ്ഥാപനം ചാൾസ് ഡിക്കൻസ്, ചാർളി ചാപ്ലിൻ, ലോറൻസ് ഒലിവിയർ തുടങ്ങിയ പ്രമുഖരുടെ ഇഷ്ടകേന്ദ്രമായിരുന്നു. 1984-ൽ റസ്റ്ററന്റ് ഏറ്റെടുത്ത ജെ.പി. മെയ്ഹ്യൂ ആണ് ചരിത്രപ്രാധാന്യമുള്ള കെട്ടിടം നാഷണൽ ട്രസ്റ്റിന് കൈമാറിയത്. ഏകദേശം 110 ലക്ഷം പൗണ്ട് (ഏകദേശം 130 കോടി രൂപ) മൂല്യമുള്ള ഈ സംഭാവന നാഷണൽ ട്രസ്റ്റിന്റെ സമീപകാലത്തെ ഏറ്റവും വിലപിടിപ്പുള്ള സംഭാവനകളിലൊന്നാണ്.

ലണ്ടനിലെ കോവന്റ് ഗാർഡനിലുള്ള മെയ്ഡൻ ലെയ്നിലെ നാല് നിലക്കെട്ടിടത്തിന്റെ ഉൾഭാഗത്തിന് പത്തൊൻപതാം നൂറ്റാണ്ടിലെ രൂപഭാവങ്ങളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പഴയ നാടകപരസ്യങ്ങൾ, ചിത്രങ്ങൾ, സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾ എന്നിവ ഇന്നും ഇവിടെയുണ്ട്. കെട്ടിടവും അതിനുള്ളിലെ ചരിത്രപരമായ വസ്തുക്കളും സംരക്ഷിക്കുകയാണ് നാഷണൽ ട്രസ്റ്റിന്റെ ചുമതല. എന്നാൽ റസ്റ്ററന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സംഘടന നേരിട്ട് ഇടപെടില്ല. 2022-ൽ ജെ.പി. മെയ്ഹ്യൂ റസ്റ്ററന്റ് ബിസിനസ് ദീർഘകാല ജനറൽ മാനേജരായ റിക്കി മക്മെനമിക്ക് കൈമാറിയിരുന്നു. അദ്ദേഹം ഇനി നാഷണൽ ട്രസ്റ്റിന്റെ വാടകക്കാരനായി സ്ഥാപനം നടത്തും.

റസ്റ്ററന്റിന്റെ പ്രവർത്തനത്തിലും ഭക്ഷണവിഭവങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകില്ലെന്ന് നാഷണൽ ട്രസ്റ്റ് പ്രതിനിധി ലൂസി പോർട്ടൻ വ്യക്തമാക്കി. ചരിത്ര പ്രാധാന്യമുള്ള കെട്ടിടത്തിന്റെ സംരക്ഷണത്തിനൊപ്പം വരുംതലമുറകൾക്കും ഈ പൈതൃകം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. നാഷണൽ ട്രസ്റ്റിന്റെ മറ്റ് സ്ഥാപനങ്ങളിലെ പോലെ ഇവിടെ പ്രത്യേക ഭക്ഷണവിഭവങ്ങളോ അംഗങ്ങൾക്കുള്ള വിലക്കിഴിവുകളോ ഉണ്ടാകില്ല. പകരം, ദൂരെയുള്ളവർക്ക് റസ്റ്ററന്റിന്റെ ചരിത്രവും അന്തരീക്ഷവും അനുഭവിക്കാൻ കഴിയുന്ന വെർച്വൽ സന്ദർശന സൗകര്യങ്ങൾ ഒരുക്കുന്നതും പരിഗണനയിലാണ്. ലണ്ടന്റെ സാമൂഹിക ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള റൂൾസ്, രണ്ട് നൂറ്റാണ്ടിലേറെയായി നഗരത്തിന്റെ ചരിത്രമുഹൂർത്തങ്ങൾക്കും ഒട്ടേറെ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും സാക്ഷിയായ സ്ഥാപനമാണെന്ന് നാഷണൽ ട്രസ്റ്റ് വ്യക്തമാക്കി.











Leave a Reply