ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- യു കെയിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺ ഗ്രൂപ്പ്‌, യുഎസ് കമ്പനിയായ ഫോർട്ടസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 6.3 ബില്യൺ പൗണ്ടിന് മജെസ്റ്റിക് വൈൻ ഉടമസ്ഥർ തന്നെയാണ് മോറിസൺ ഗ്രൂപ്പും വാങ്ങുന്നത്. കഴിഞ്ഞവർഷം മറ്റൊരു കമ്പനി ഓഫർ ചെയ്ത 5.5 ബില്യൺ പൗണ്ടിന്റെ ഡീൽ മോറിസൺ ഗ്രൂപ്പ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തുക ന്യായമാണെന്നും, പുതിയ ഉടമസ്ഥർക്ക് കീഴിൽ മോറിസൺ ഗ്രൂപ്പ് കൂടുതൽ ശോഭിക്കുമെന്നും ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ വ്യക്തമാക്കി. ഏകദേശം അഞ്ഞൂറോളം ഷോപ്പുകൾ ആണ് മോറിസൺ ഗ്രൂപ്പിന് കീഴിൽ ഉള്ളത്. ഇതിലായി ഏകദേശം 110,000 ത്തോളം സ്റ്റാഫുകൾ ആണ് ജോലി ചെയ്യുന്നത്.


കോവിഡ് കാലഘട്ടത്തിലും മോറിസൺ ഗ്രൂപ്പിന് നല്ല രീതിയിൽ തന്നെ വളർച്ച ഉണ്ടായിരുന്നതായി ഹിഗ്ഗിൻസൺ വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഇപ്പോൾ ഇത്തരം ഒരു ഡീലിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളരെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിക്കും എന്ന് ഫോർട്ട്സ് ഗ്രൂപ്പ്‌ മാനേജിങ് പാർട്ണർ ജോഷുവ പാക്ക് അറിയിച്ചു. ഫോർട്ട്സ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകുന്നത് കാനഡ പെൻഷൻ പ്ലാനും, കൊച്ച് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻസും ചേർന്നാണ്. യുകെയിലേക്ക് പുതിയ ബിസിനസ് ഇൻവെസ്റ്റ്‌മെന്റുകളെ സ്വാഗതം ചെയ്യുന്നതായും, അതോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കുമെന്ന് ഗവൺമെന്റ് വക്താവ് വ്യക്തമാക്കി.