ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽ ഏർപ്പെടാത്ത യുവാക്കൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം വരെ ജോലി അവസരങ്ങൾ ഒരുക്കാൻ ഹോസ്പിറ്റാലിറ്റി മേഖല. ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലായിരിക്കും അവസരങ്ങൾ. 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്ക് നാലാഴ്ച വരെ ജോലി പരിശീലനവും തൊഴിൽ പരിചയവും നേടാൻ പദ്ധതിയിലൂടെ അവസരമൊരുങ്ങും. തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ മേഖലയിലേക്ക് കടക്കാനുള്ള ആത്മവിശ്വാസവും ആവശ്യമായ കഴിവുകളും വളർത്തുകയാണ് ലക്ഷ്യം. വാഗമാമ, നാൻഡോസ്, ബർഗർ കിങ്, പ്രീമിയർ ഇൻ തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാകും.

തൊഴിൽ, പെൻഷൻ വകുപ്പ് സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി ആൻഡി ബേൺഹാം ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം മാർക്സ് ആൻഡ് സ്പെൻസർ, അസ്ഡ, ജോൺ ലൂയിസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സമാനമായ പദ്ധതി വ്യാപാര മേഖലയിൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിൽ, തൊഴിൽ വിപണിയിലേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മുൻ ആരോഗ്യ സെക്രട്ടറി അലൻ മിൽബേൺ തയ്യാറാക്കുന്ന റിപ്പോർട്ടിൽ, അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബ്രിട്ടനിൽ തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽനിന്ന് പുറത്തുനിൽക്കുന്ന യുവാക്കളുടെ എണ്ണം 12.5 ലക്ഷമായി ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, സ്കൂളുകളിൽ സ്ഥിരമായി ഹാജരാകാത്ത കുട്ടികൾക്ക് ഭാവിയിൽ തൊഴിൽരഹിതരാകാനുള്ള സാധ്യത കൂടുതലാണെന്ന പഠനത്തെ തുടർന്ന് വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവൽ സ്കൂളുകളിൽനിന്നുള്ള പുറത്താക്കൽ നടപടികൾ പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ്. യുവാക്കൾക്ക് തൊഴിൽ പരിശീലനവും അപ്രന്റീസ്ഷിപ്പ് അവസരങ്ങളും വർധിപ്പിക്കണമെന്നും ക്ഷേമപദ്ധതികളിൽ മാറ്റം വരുത്തണമെന്നും സർക്കാരിന് നിർദേശങ്ങളുണ്ട്. 25 വയസ്സിൽ താഴെയുള്ളവർക്കുള്ള ഒരു പ്രധാന വൈകല്യ ആനുകൂല്യം നിർത്തി പകരം തൊഴിൽ നേടാൻ സഹായിക്കുന്ന വിപുലമായ പദ്ധതി കൊണ്ടുവരുന്നതും പരിഗണനയിലാണ്. എന്നാൽ ക്ഷേമ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങൾ ലേബർ പാർട്ടിക്കുള്ളിൽ എതിർപ്പിന് ഇടയാക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്.











Leave a Reply