ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡൺ: ബ്രിട്ടനിലെ സ്വിൻഡണിൽ ജി.പി. ക്ലിനിക്കിന്റെ പാർക്കിങ് ഏരിയയിൽ മുപ്പത് വയസ്സുള്ള യുവതി ബലാത്സംഗത്തിനിരയായെന്ന പരാതിയിൽ അറസ്റ്റിലായ നാലുപേരെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. 19 മുതൽ 21 വയസ്സുവരെയുള്ള നാലുപേരെയും ഈ ആഴ്ച ആദ്യം വിൽറ്റ്ഷെയർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഫാരിയേഴ്സ് ക്ലോസിലെ ഗ്രേറ്റ് വെസ്റ്റേൺ സർജറിയുടെ പാർക്കിങ് ഏരിയയിലാണ് സംഭവം നടന്നതെന്നാണ് പരാതി.

യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 19, 20 വയസ്സുള്ള ഓരോരുത്തരും 21 വയസ്സുള്ള രണ്ടുപേരുമാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും മറ്റാരെയും നിലവിൽ തിരയുന്നില്ലെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടോം സ്ട്രേക്കർ നേരത്തേ അറിയിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്ലിനിക്കിന്റെ പാർക്കിങ് ഏരിയയിൽ പൊലീസ് പരിശോധനയും നടത്തിയിരുന്നു.

സംഭവം നടന്ന ചൊവ്വാഴ്ച പുലർച്ചെ ഫാരിയേഴ്സ് ക്ലോസ് പരിസരത്തുണ്ടായിരുന്നവരോടും വിവരങ്ങൾ ലഭ്യമായവരോടും പൊലീസ് സഹായം അഭ്യർഥിച്ചു. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങളോ വാഹനങ്ങളിലെ ഡാഷ് ക്യാമറ ദൃശ്യങ്ങളോ ഉള്ളവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അറിയിച്ചു. വിവരം നൽകാൻ 101 എന്ന നമ്പറിൽ വിളിച്ച് 54260123495 എന്ന ലോഗ് നമ്പർ അറിയിക്കണം. അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.











Leave a Reply