ബെർലിൻ: ജർമനിയിലെ ബോഹും നഗരത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പുക ശ്വസിച്ച് അവശരായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബോഹുമിലെ പാർപ്പിട മേഖലയിലുള്ള ഫ്ലാറ്റിൽ ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15നാണ് തീപിടിത്തമുണ്ടായത്. തീയും പുകയും കെട്ടിടത്തിലാകെ വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുകളിലെ നിലയിലുള്ള ഫ്ലാറ്റിൽനിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത പുകയും തീയും കാരണം മുകളിലെ നിലകളിലേക്ക് എത്താൻ ബുദ്ധിമുട്ട് നേരിട്ടതായും തീ അണയ്ക്കാൻ ഏറെ സമയമെടുത്തതായും അഗ്നിരക്ഷാസേന അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് പിന്നിൽ സാങ്കേതിക തകരാറല്ലെന്നും മനഃപൂർവം തീകൊളുത്തിയതാകാമെന്നും കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. നോവ ആറുമാസം മുൻപാണ് ജർമനിയിലെത്തിയത്. സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലി ചെയ്തിരുന്ന അഞ്ജലി ഈ വർഷം ജൂലൈയിലാണ് ജർമനിയിലേക്ക് പോയത്. ബി.എഡ്. ബിരുദധാരിയാണ്. സഹോദരി അശ്വനി എസ്. ജോയ്. രണ്ടാഴ്ച മുൻപാണ് സിവിൻ ജോണി ജർമനിയിലെത്തിയത്.











Leave a Reply