കൊച്ചി: എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ 40കാരിയായ ഭാര്യയെയും ആദ്യ ഭർത്താവിലുള്ള 16കാരിയായ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടത്. തുടർന്ന് അധികൃതർ ട്രെയിൻ നിർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മദ്യക്കുപ്പിയും ഗ്ലാസും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതോടെ മദ്യപിച്ച് കുഴഞ്ഞുവീണതോ ആത്മഹത്യയോ ആകാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ മൃതദേഹത്തിന്റെ കിടപ്പിൽ സംശയം തോന്നിയതോടെ കൊലപാതക സാധ്യതയും പരിശോധിച്ചു. മരിച്ചയാൾ കുടുംബത്തോടൊപ്പം റെയിൽവേ ട്രാക്കിന് സമീപമാണ് താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യയെയും മകളെയും കാണാതായതിനെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒഡിഷയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ബന്ധുവിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ, മകളെ രണ്ടാം ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും ഇതിൽ മകൾ മാനസികമായി തകർന്നിരുന്നുവെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് അവശനായി കിടന്നിരുന്ന ഭർത്താവിന്റെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തിയശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആദ്യ ഭർത്താവിൽനിന്നുള്ള മകളുമായി യുവതി തന്നേക്കാൾ പത്തുവയസ്സ് പ്രായം കുറഞ്ഞ രണ്ടാം ഭർത്താവിനൊപ്പം കേരളത്തിലെത്തിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











Leave a Reply