തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള സമൻസാണ് വീട്ടിലെത്തിച്ച ശേഷം മുന്നിലെ തൂണിൽ പതിച്ചത്. പിണറായി വിജയനോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ജീവനക്കാർ നോട്ടിസ് സ്വീകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സമൻസ് തൂണിൽ പതിച്ചതെന്നാണ് റിപ്പോർട്ട്. തപാൽ വഴിയും നോട്ടിസ് അയച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് മുൻമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി. ഉദ്യോഗസ്ഥർ ആദ്യം എത്തിയപ്പോൾ പിണറായി വിജയൻ കണ്ണൂരിലാണെന്ന് അറിയിച്ചതിനെ തുടർന്ന് മടങ്ങിയെന്നും പിന്നീട് തിരിച്ചെത്തി സമൻസ് പതിക്കുകയായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. സാക്ഷിയുടെ ഒപ്പ് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സമ്മതിച്ചില്ലെന്നും തുടർന്ന് പൊലീസുകാരോടൊപ്പം തിരിച്ചെത്തിയ ഉദ്യോഗസ്ഥർ സമൻസ് പതിച്ചെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പിണറായി വിജയനെതിരായ വേട്ടയുടെ ഭാഗമാണ് നടപടിയെന്നും നോട്ടിസ് നേരിട്ട് കൈമാറാൻ സമയം നൽകാമായിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു.
സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. കേസെടുത്തിട്ടുള്ളത്. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ രണ്ട് ഇ.സി.ഐ.ആറുകളാണ് ഇ.ഡി. രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള വിജിലൻസ് നടപടികൾക്കെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് ഇ.ഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ് നൽകിയിരിക്കുന്നത്.











Leave a Reply