കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരിപാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച കേസിൽ പ്രധാന പ്രതിയുടെ സഹായിയായ തിരുവല്ല സ്വദേശിനി നീതു എസ്. കുമാർ (38) അറസ്റ്റിലായി. തിരുവല്ല മുത്തൂർ സ്വദേശിനിയായ നീതുവിനെ തൃക്കാക്കര പൊലീസാണ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ തൊടുപുഴ സ്വദേശി കെവിൻ ബി. മാത്യുവിന്റെ അടുത്ത സഹായിയാണ് നീതുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കെവിന് ലഹരിമരുന്ന് എത്തിച്ചതിന് നേരത്തേ എക്സൈസ് പിടികൂടിയ വിപിൻ എസ്. കുമാറിന്റെ സഹോദരിയാണ് നീതു. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നീതു ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ഏപ്രിലിൽ 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ അറസ്റ്റിലായതോടെയാണ് നീതുവിന്റെ പങ്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കെവിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്ന് വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നീതു 20 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. തുടർന്ന് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒളിവിൽ പോവുകയായിരുന്നു. പിന്നീട് തിരുവല്ലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്. ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെട്ട എട്ടംഗ സംഘത്തിന് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ലഹരിമരുന്ന് നൽകിയ കേസിലാണ് കെവിൻ പിടിയിലായത്.
ഡൽഹി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ എംഡിഎംഎ എത്തിച്ച് കോട്ടയത്ത് സൂക്ഷിക്കുകയും ചെറു അളവുകളിലാക്കി വിതരണക്കാർക്ക് കൈമാറുകയും ചെയ്തിരുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈറ്റിലയിൽനിന്ന് തിരുവല്ല സ്വദേശി വരുൺ ദേവ് (35), വിപിൻ കുമാർ എന്നിവരെ 232 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടിയിരുന്നു. വരുണിൽനിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന പറവൂർ സ്വദേശി സിദ്ധിഖിനെയും പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോയെയും കലൂരിലെ ഹോട്ടലിൽനിന്ന് 49 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീതുവിന്റെ അറസ്റ്റോടെ കൊച്ചിയിലെ ആഡംബര പാർട്ടികൾക്കും ഉന്നതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്കും ലഹരിമരുന്ന് എത്തിച്ചിരുന്ന ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.











Leave a Reply