ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വംശീയ ന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്ക് പതിവ് പരിശോധനകളിലൂടെ സ്തനാർബുദം കണ്ടെത്താനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിലൊന്നുവരെ കുറവാണെന്ന് പഠനം. ഇവരിൽ അടിയന്തര സാഹചര്യങ്ങളിൽ രോഗം കണ്ടെത്തപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. സറേ സർവകലാശാലയിലെ ഗവേഷകർ ബ്രെസ്റ്റ് കാൻസർ നൗ എന്ന സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനത്തിൽ 2009 മുതൽ 2019 വരെ സ്തനാർബുദം സ്ഥിരീകരിച്ച 86,564 പേരുടെ വിവരങ്ങൾ വിശകലനം ചെയ്തു. കറുത്തവർഗക്കാർ, ഏഷ്യൻ വംശജർ, മിശ്ര വംശീയ പശ്ചാത്തലമുള്ളവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവരിൽ പതിവ് പരിശോധനയിലൂടെ രോഗം കണ്ടെത്താനുള്ള സാധ്യത 33 ശതമാനം വരെ കുറവാണെന്നും അടിയന്തര പരിശോധനകളിലൂടെയോ ആശുപത്രിയിലെത്തുമ്പോഴോ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി.

പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് സ്തനാർബുദ പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അസമത്വം നേരിടേണ്ടിവരുന്നുണ്ടെന്നും ഇത് അതിജീവന നിരക്കിനെ ബാധിക്കുന്നുണ്ടെന്നും ബ്രെസ്റ്റ് ക്യാൻസർ നൗവിലെ പൊതുജനാരോഗ്യ വിഭാഗം അസോസിയേറ്റ് ഡയറക്ടർ മാൻവീത് ബസ്ര പറഞ്ഞു. പഠനവൈകല്യമുള്ളവരിലും രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം കണ്ടെത്തി. പഠനവൈകല്യമില്ലാത്തവരെ അപേക്ഷിച്ച് ഇവർക്ക് രോഗം സ്ഥിരീകരിക്കാൻ 18 ശതമാനം കൂടുതൽ സമയം വേണ്ടിവന്നപ്പോൾ ചികിത്സ ആരംഭിക്കുന്നതിനുള്ള കാത്തിരിപ്പ് 10 ശതമാനം കൂടുതലായിരുന്നു. നേരത്തെയുള്ള രോഗനിർണയം ഫലപ്രദമായ ചികിത്സയ്ക്കും അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും നിർണായകമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

വംശീയ ന്യൂനപക്ഷങ്ങളിൽപ്പെട്ടവർക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പ് കൂടുതൽ തവണ ജനറൽ പ്രാക്ടീഷണർമാരെ (ജിപി) സമീപിക്കേണ്ടിവരുന്നുവെന്ന് മുൻപഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ക്യാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പ് അഞ്ചിൽ ഒരാൾക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ജിപിയെ സമീപിക്കേണ്ടിവരുമ്പോൾ, വംശീയ ന്യൂനപക്ഷങ്ങളിൽ ഈ അനുപാതം മൂന്നിലൊന്നാണ്. കറുത്തവർഗക്കാരായ യുവതികളിൽ കൂടുതൽ ആക്രമണസ്വഭാവമുള്ള സ്തനാർബുദ മുഴകൾ കണ്ടെത്തപ്പെടാനും മോശം ചികിത്സാനുഭവങ്ങളും ഉയർന്ന മരണനിരക്കും ഉണ്ടാകാനും സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാവർക്കും തുല്യമായി പരിശോധനകളും സമയബന്ധിതമായ ചികിത്സയും ലഭ്യമാക്കുന്നതിലൂടെ മാത്രമേ സ്തനാർബുദത്തെ തുടർന്നുള്ള മരണനിരക്ക് കുറയ്ക്കാൻ കഴിയൂവെന്ന് സറേ സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കി.











Leave a Reply