റോം: കേരളത്തിൽ തുടക്കം കുറിച്ച കത്തോലിക്കാ അൽമായ യുവജന മുന്നേറ്റമായ ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം. പ്രസ്ഥാനത്തിന്റെ റൂബി ജൂബിലി ആഘോഷവേളയിൽ ലഭിച്ച ഈ അംഗീകാരം ആഗോളതലത്തിലുള്ള ജീസസ് യൂത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി. അൽമായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ജീസസ് യൂത്തിനെ നിയമപരമായ വ്യക്തിത്വമുള്ള അന്താരാഷ്ട്ര വിശ്വാസി സംഘടനയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രസ്ഥാനത്തിന്റെ പുതുക്കിയ ഭരണഘടനയ്ക്കും വത്തിക്കാൻ അന്തിമ അംഗീകാരം നൽകി.
2016 മേയ് 15-നാണ് ജീസസ് യൂത്തിന് ആദ്യമായി താൽക്കാലിക അംഗീകാരം ലഭിച്ചത്. അന്ന് അൽമായർക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ സംഘടനയുടെ നിയമാവലി പരീക്ഷണാടിസ്ഥാനത്തിൽ അംഗീകരിക്കുകയായിരുന്നു. പത്തുവർഷത്തെ പ്രവർത്തനങ്ങളും വളർച്ചയും വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ സ്ഥിരാംഗീകാരം ലഭിച്ചിരിക്കുന്നത്. റോമിൽ നടക്കുന്ന ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സമ്മേളനമായ ‘ഗോ’യുടെ (GO) വേദിയിലാണ് ഔദ്യോഗിക ഉത്തരവ് കൈമാറിയത്. വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗർവാസി, ജീസസ് യൂത്ത് ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ ഡോ. മിഥുൻ പോളിന് ഉത്തരവ് കൈമാറി. കണ്ണൂർ ബിഷപ്പും ജീസസ് യൂത്തിന്റെ സഭാകാര്യ ഉപദേഷ്ടാവുമായ ഡോ. അലക്സ് വടക്കുംതല ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
1985-ൽ കേരളത്തിൽ യുവജനങ്ങളുടെ പ്രാർഥനാ കൂട്ടായ്മകളിലൂടെ ആരംഭിച്ച ജീസസ് യൂത്ത് ഇന്ന് ലോകമെമ്പാടുമുള്ള 53 രാജ്യങ്ങളിൽ സജീവ സാന്നിധ്യമാണ്. വിശ്വാസജീവിതം, പ്രാർഥന, സുവിശേഷ പ്രഘോഷണം, കൂട്ടായ്മ, സേവനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രസ്ഥാനം ഭാഷയുടെയും സംസ്കാരത്തിന്റെയും അതിരുകൾ മറികടന്ന് വളരുകയായിരുന്നു. റോമിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 1,110 പ്രതിനിധികൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പയുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ആശീർവാദം സ്വീകരിക്കുകയും ചെയ്തു. യുവജനങ്ങൾ സഭയുടെ സജീവ സാന്നിധ്യമാണെന്നും ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ അവർക്ക് വലിയ പങ്കുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു.
2033-ലെ രക്ഷാകര മഹാജൂബിലിക്കും 2035-ലെ ജീസസ് യൂത്തിന്റെ സുവർണ ജൂബിലിക്കും ഒരുങ്ങുന്ന വേളയിൽ ലഭിച്ച സ്ഥിരാംഗീകാരം പ്രസ്ഥാനത്തിന് കൂടുതൽ ഊർജവും ഉത്തരവാദിത്വബോധവും പകരുന്നതാണെന്ന് അന്താരാഷ്ട്ര കോ-ഓർഡിനേറ്റർ ഡോ. മിഥുൻ പോൾ പറഞ്ഞു. നാല് പതിറ്റാണ്ടുകളായി കേരളത്തിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച വിശ്വാസയാത്രയ്ക്ക് വത്തിക്കാന്റെ അംഗീകാരം പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ. യുവജനങ്ങളെയും കുടുംബങ്ങളെയും വിശ്വാസജീവിതത്തിലേക്ക് നയിക്കുന്നതിനൊപ്പം സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ അംഗീകാരം സഹായകമാകും.











Leave a Reply