ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസിന് മുമ്പ് തെരുവിൽ അന്തിയുറങ്ങുന്ന എല്ലാവർക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം. ഇതിനായി സർക്കാർ അനുവദിക്കുന്ന ധനസഹായം ബജറ്റിൽ ഇരട്ടിയാക്കും. നിലവിലുള്ള 442 മില്യൺ പൗണ്ടിന് പുറമേ 432 മില്യൺ പൗണ്ട് കൂടി അനുവദിക്കുന്നതോടെ ആകെ സഹായം 874 മില്യൺ പൗണ്ടായി ഉയരും. ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച ഡൗണിങ് സ്ട്രീറ്റിൽ സന്നദ്ധ സംഘടനകളുടെയും പ്രാദേശിക ഭരണനേതാക്കളുടെയും യോഗം വിളിച്ചുചേർക്കാനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഈ ശൈത്യകാലത്ത് തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിതമായ അഭയവും തുടർന്നുള്ള വർഷങ്ങളിൽ ആവശ്യമായ പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

തെരുവിൽ ഉറങ്ങുന്നത് സമൂഹം അംഗീകരിക്കേണ്ട സാഹചര്യമല്ലെന്നും അത് അവസാനിപ്പിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ബേൺഹാം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇംഗ്ലണ്ടിൽ 4,793 പേർ തെരുവിൽ അന്തിയുറങ്ങിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് നാലു ശതമാനം വർധനയാണിത്. 2010-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർധന 171 ശതമാനമാണ്. ഇവരിൽ 40 ശതമാനത്തിലധികം പേർ ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലുമാണ് കഴിയുന്നത്. ഭവനരഹിതർക്ക് ദീർഘകാല പരിഹാരം കണ്ടെത്താൻ സർക്കാർ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഭവനമന്ത്രി ആഞ്ചല റെയ്നറും വ്യക്തമാക്കി.

അതേസമയം, ഭവനരഹിതരുടെ എണ്ണം വർധിക്കുന്നത് തടയാൻ സ്വകാര്യ വാടകക്കാർക്ക് ലഭിക്കുന്ന ഹൗസിങ് ബെനിഫിറ്റിന്റെ പരിധി മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ക്രൈസിസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടു. 2024 മുതൽ മരവിപ്പിച്ച ലോക്കൽ ഹൗസിങ് അലവൻസ് വാടകവർധനയ്ക്കനുസരിച്ച് ഉയർത്താത്തത് കുറഞ്ഞ വരുമാനക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സംഘടനകളുടെ വാദം. ഭവനരഹിതർക്കായി കുറഞ്ഞത് 2,000 വീടുകളും താമസസൗകര്യങ്ങളും കണ്ടെത്താൻ നാഷണൽ ഹൗസിങ് ഫെഡറേഷൻ പ്രവർത്തിക്കുമെന്നും ലോറെയൽ ഗ്രൂപ്പ്, സെന്റ് മുംഗോസ്, ഹെയർകട്ട്സ്4ഹോംലെസ് എന്നിവയുമായി ചേർന്ന് സാമൂഹിക പിന്തുണാ പദ്ധതികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാൽവേഷൻ ആർമി, ഐകിയ, വിർജിൻ മീഡിയ ഒ2 തുടങ്ങിയ സ്ഥാപനങ്ങളും ഭവനരഹിതരെ സഹായിക്കുന്നതിനുള്ള സംരംഭങ്ങളിൽ പങ്കാളികളാകും.











Leave a Reply