പെനാർത്ത് (കാർഡിഫ് ): യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി ഒക്ടോബർ 10ന് കാർഡിഫിലെ പെനാർത്തിൽ വച്ച് നടത്തപ്പെട്ട യുക്മ വെയിൽസ് റീജിയൻ ആപ്റ്റസ് ലീഗൽ കലാമേള 2026ൽ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി 181 പോയിന്റ് നേടി ചാമ്പ്യൻ പട്ടം നിലനിർത്തി. മെർത്ഥർ മലയാളി കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനം നേടിയപ്പോൾ മലയാളി വെൽഫെയർ അസോസിയേഷൻ ബാരി മൂന്നാം സ്ഥാനം നേടി. കലാതിലകം എൻ കെ സി യിലെ നിവേദ്യ മനീഷ് നായറും കലാപ്രതിഭ എം എം സി എ യിലെ ഗർഷോം നോബിളും കരസ്ഥമാക്കി. നാട്യമയൂരം ന്യൂപോർട്ടിലെ ദേവതീർത്ത രാജ് ഉം ദേവിപ്രഭ സുരേന്ദ്രനും ഒരുമിച്ചു പങ്കിട്ടു. ഭാഷാകേസരി മെർത്തറിലെ അലോന മേരി അനിലും കരസ്ഥമാക്കി.

രാവിലെ 9 മണിക്ക് തുടങ്ങിയ രെജിസ്ട്രേഷനു ശേഷം 10 മണിക്ക് തുടങ്ങിയ കലാമേള വൈകുന്നേരം 5 മണി വരെ തുടർച്ചയായി മൂന്ന് സ്റ്റേജുകളിൽ നൃത്തം, സംഗീതം, സാഹിത്യം, അഭിനയം തുടങ്ങിയവ അരങ്ങേറി. ഈ വർഷത്തെ കലാമേള സെന്റ് സൈറീസ് സ്കൂൾ, പെനാർത്തിൽ വച്ചാണ് നടത്തപ്പെട്ടത്. വെയിൽസ് റീജിയന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കലാമേളക്ക് ആതിഥേയത്വം നൽകിയത് കാർഡിഫ് മലയാളി അസോസിയേഷൻ ആണ്. ഈ വർഷത്തെ കലാമേളക്ക് അഞ്ചു മണിക്കൂർ യാത്ര ചെയ്തു നോർത്ത് വെയിൽസിലെ ലാൻഡ്ഡ്നോയിൽ നിന്നും കലയെ സ്നേഹിക്കുന്ന ഒരു നല്ല പറ്റം ആൾകാർ വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫിലേക്ക് വന്നിരുന്നു.

കലാമേളയുടെ ഉത്ഘാടനം ഉച്ചക്ക് 12 മണിക്ക് വെയിൽസ് റീജിയൻ പ്രസിഡന്റ് ശ്രീ ജോഷി തോമസിന്റെ അധ്യക്ഷതയിൽ നടന്നു. മുഖ്യാതിഥിയായി യുക്മ ദേശിയ ട്രഷറർ ശ്രീ ഷീജോ വർഗീസ് സന്നിഹിതനായിരുന്നു. ഉത്ഘാടനം പെനാർത്ത് ടൗൺ മേയർ, കൗൺസിലർ ലോറ റോച്ചഫോട് നടത്തിയപ്പോൾ പ്രത്യേക അതിഥികളായി വന്നത് ബാരി സിറ്റി മേയർ കൗൺസിലർ ഷാൻ തോമസ്, യുക്മ ദേശീയ ജോയിന്റ് ട്രഷറർ ശ്രീ പീറ്റർ താണോലി, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീമതി റെയ്മോൾ നിധിരി, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ സുനിൽ ജോർജ് എന്നിവരാണ്. ഉൽഘാടന സമ്മേളനത്തിൽ യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ശ്രീമതി ഷൈലി തോമസ്, കലാമേള കോഓർഡിനേറ്റർ ശ്രീ ജോബി മാത്യു, റീജിയണൽ ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ശ്രീ ബിനോ ആന്റണി, ആതിഥേയത്വം വഹിച്ച കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിജു പോൾ, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ ജോബി തോമസ്, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, റീജിയണൽ പി ആർ ഓ റിയോ ജോണി എന്നിവർ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം ശ്രീ ഷീജോ വര്ഗീസ് നടത്തിയപ്പോൾ, മറ്റ് അതിഥികൾ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ഷൈലി തോമസ് സ്വാഗതവും , കലാമേള കോഓർഡിനേറ്റർ ശ്രീ ജോബി മാത്യു നന്ദിയും അർപ്പിച്ചു.

കലാമേളക്ക് കൂടുതൽ മാറ്റ് കൂട്ടുന്നതിന്റെ ഭാഗമായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ കലാമേള നഗറിൽ വൈകുന്നേരം 4 മണിയോടെ എത്തി. സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ സണ്ണിമോൻ മത്തായി, ശ്രീമതി റെയ്മോൾ നിധിരി എന്നിവർ സന്നിഹിതരായിരുന്നു.
വെയിൽസിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറിയ റീജിയണൽ കലാമേള 2026-നെ വിജയിപ്പിക്കാൻ സഹായിച്ച എല്ലാ മലയാളി കുടുംബങ്ങളെയും സംഘാടകരായ യുക്മ വെയിൽസ് റീജിയൻ അഭിനന്ദിച്ചു. ഈ വർഷത്തെ യുക്മ വെയിൽസ് റീജിയൻ കലാമേളക്ക് സാമ്പത്തിക സഹായം തന്നിരുന്നത് ടൈറ്റിൽ സ്പോൺസർ ആയ അപ്റ്റസ് ലീഗൽ, മറ്റ് സ്പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട്, യുക്മ ന്യൂസ്, ജെ എം പി സോഫ്റ്റ്വെയർ, ബെല്ലവിസ്റ്റ ഗ്രൂപ്പ്, ചിക്കിങ്സ് ന്യൂപോർട്, ജിയാ ട്രാവൽ & ഹോളിഡേയ്സ്, എൽ ടി സി ഗ്ലോബൽ ലിവർപൂൾ , മല്ലു ഷോപ്പ് കാർഡിഫ്, ഗ്രാബി ബ്രിഡ്ജ്ണ്ട് എന്നിവരാണ്. ഈ സ്പോൺസർമാരുടെ സഹായത്തിന് നന്ദി സൂചകമായി എല്ലാവർക്കും യുക്മ റീജിയണൽ കമ്മിറ്റി പ്രത്യേക ഉപകാരം നൽകി അഭിനന്ദനം അർപ്പിച്ചു.











Leave a Reply