ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്രയായി ബ്രിട്ടനിലെ ദമ്പതികൾ. 53 വർഷത്തിലേറെ നീണ്ട ദാമ്പത്യജീവിതത്തിനൊടുവിൽ സ്റ്റാഫോർഡ്ഷയറിലെ ബർട്ടൺ അപോൺ ട്രെന്റിൽ താമസിച്ചിരുന്ന ഡഗ് സീബ്രിഡ്ജും ഭാര്യ ജീൻ സീബ്രിഡ്ജും മരിച്ചത് വെറും 33 മണിക്കൂർ വ്യത്യാസത്തിൽ. സെപ്റ്റംബർ 22ന് വിവാഹത്തിന്റെ 53-ാം വാർഷികം ആഘോഷിച്ച ദമ്പതികൾക്ക് പിന്നാലെയാണ് ഈ ദുരന്തം. ഹ്രസ്വകാലത്തെ അസുഖത്തെത്തുടർന്ന് ഡഗ് ഒക്ടോബർ 10ന് സമാധാനപരമായി മരണമടഞ്ഞു. ഭർത്താവിന്റെ വിയോഗവാർത്ത ജീൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ ജീനും മരിച്ചതോടെ കുടുംബം തീരാദുഃഖത്തിലായി.

കുടുംബത്തിന്റെ അഭിപ്രായത്തിൽ ഇരുവരും പരസ്പരം ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. സ്നേഹവും കരുതലും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്. ഡഗിന്റെ വിയോഗത്തിന് പിന്നാലെ ജീനും യാത്രയായത് ഭർത്താവിനെ വിട്ടുപിരിഞ്ഞുള്ള ജീവിതം താങ്ങാനാകാത്തതുകൊണ്ടാണെന്നാണ് കുടുംബം പറയുന്നത്. കുടുംബത്തിന്റെ താങ്ങും കരുത്തുമായിരുന്നു ഡഗ്. അസുഖബാധിതനാകുന്നതുവരെ ബെൽവെഡെർ ബൗൾസ് ക്ലബ്ബിൽ പതിവായി ബൗൾസ് കളിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. “ജീവിതത്തിൽ ഒരുമിച്ച്, നിത്യതയിലും ഒരുമിച്ച്. വെറും 33 മണിക്കൂർ വ്യത്യാസത്തിലാണ് ഇരുവരും ഞങ്ങളെ വിട്ടുപോയത്. കൈകോർത്ത് ജീവിച്ചതുപോലെ കൈകോർത്ത് അവർ മടങ്ങി” എന്നാണ് കുടുംബത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

ദമ്പതികൾക്ക് ഒരുമിച്ചുള്ള അന്ത്യയാത്ര ഒരുക്കുന്നതിനായി കുടുംബം ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും സംസ്കാരച്ചെലവുകൾക്കായി 3,000 പൗണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനകം 1,700 പൗണ്ടിലധികം ലഭിച്ചിട്ടുണ്ട്. നവംബർ ആറിനാണ് ഇരുവരുടെയും സംയുക്ത സംസ്കാരച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഔപചാരികമായ വസ്ത്രധാരണ നിബന്ധനകളില്ലെന്നും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് എത്താമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.











Leave a Reply