ധൻബാദ്: ആൺകുഞ്ഞിനായുള്ള ആഗ്രഹത്തെത്തുടർന്ന് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയശേഷം നിർബന്ധിതമായി ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയ യുവതി മരിച്ചു. ജാർഖണ്ഡിലെ ധൻബാദിൽ 24കാരിയായ കിരൺ കുമാരിയാണ് മരിച്ചത്. ഭർത്താവ് സോനു കെവാട്ടും ഭർതൃവീട്ടുകാരും ആൺകുഞ്ഞിനായി സമ്മർദം ചെലുത്തിയെന്നാണ് യുവതിയുടെ പിതാവ് നൽകിയ പരാതിയിലെ ആരോപണം. ഗർഭസ്ഥശിശു പെൺകുട്ടിയാണെന്ന് പരിശോധനയിലൂടെ കണ്ടെത്തിയതോടെയാണ് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതെന്നാണ് പരാതി.

ധൻബാദിലെ ശ്യാംദിഹിലുള്ള സെൻട്രൽ ഡയഗ്നോസ്റ്റിക് സെന്ററിലാണ് നിയമവിരുദ്ധമായി ലിംഗനിർണയം നടത്തിയതെന്നാണ് ആരോപണം. തുടർന്ന് യോഗ്യതയുള്ള ഡോക്ടറുടെ സാന്നിധ്യമില്ലാതെ ഗർഭച്ഛിദ്രം നടത്തിയതായും പരാതിയിലുണ്ട്. നടപടിക്കിടെ അമിത രക്തസ്രാവമുണ്ടായതോടെ കിരണിന്റെ ആരോഗ്യനില വഷളായി. തുടർന്ന് ശ്യാംദിഹിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കിരണിന് നേരത്തെ ഒരു പെൺകുഞ്ഞുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോനു കെവാട്ട്, ഡയഗ്നോസ്റ്റിക് സെന്റർ ഉടമ സച്ചിൻ കെവാട്ട്, ജീവനക്കാരൻ വിജയ് ഗോസ്വാമി, നേഴ്‌സ് സുലോചനാ ദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ സെന്റർ സീൽ ചെയ്തിട്ടുണ്ട്. ഭർതൃവീട്ടിലെ മറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരായ പരാതിയിലും അന്വേഷണം തുടരുകയാണ്. ഭ്രൂണത്തിന്റെ ലിംഗനിർണയവും അതിന്റെ അടിസ്ഥാനത്തിലുള്ള ഗർഭച്ഛിദ്രവും രാജ്യത്ത് നിയമവിരുദ്ധമാണ്.