ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ നിരോധിക്കപ്പെട്ട പാലസ്തീൻ ആക്ഷൻ (Palestine Action) സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ 139 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ നൈൻ എൽംസിലുള്ള എംബസിക്ക് മുന്നിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഏകദേശം 400 പേർ പങ്കെടുത്തതായി സംഘാടകരായ ഡിഫൻഡ് ഔർ ജൂറി (Defend Our Juries) അറിയിച്ചു. ‘വംശഹത്യയെ എതിർക്കുന്നു, പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നത് ഭീകരവാദ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പ്രതിഷേധക്കാരെ ഒരോരുത്തരെയായി അറസ്റ്റ് ചെയ്ത് നീക്കി. പ്രായമായ സ്ത്രീകളടക്കമുള്ളവരെ പൊലീസ് വാഹനങ്ങളിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

2025 ജൂണിലാണ് പാലസ്തീൻ ആക്ഷനെ ബ്രിട്ടീഷ് സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചത്. ഇതോടെ സംഘടനയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതും കുറ്റകരമായി. എന്നാൽ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനുമുള്ള അവകാശത്തിനുമെതിരാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. നിരോധനത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ 2025 ജൂലൈ മുതൽ ഇതുവരെ 4,000ത്തിലധികം പേർ അറസ്റ്റിലായതായി സംഘാടകർ അവകാശപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത 75കാരനായ മുൻ അഭിഭാഷകൻ ചാൾസ് അലിസൺ പൗരാവകാശങ്ങൾ ഇല്ലാതാകുന്നതിലുള്ള ആശങ്കയാണ് തന്നെ തെരുവിലിറക്കിയതെന്ന് പ്രതികരിച്ചു. അതേസമയം, ഇത്തരം പ്രതിഷേധങ്ങൾ ആവശ്യത്തിലധികം പൊലീസ് സേനയെ വിനിയോഗിക്കാൻ ഇടയാക്കുന്നുവെന്നാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ നിലപാട്.

പാലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള അപ്പീൽ നവംബർ നാലിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം നടന്നത്. നിരോധനം അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സംഘടനയെ പിന്തുണയ്ക്കുന്നവർ ആരോപിക്കുമ്പോൾ, ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്നാണ് സർക്കാരിന്റെ വിശദീകരണം. സമാനമായ പ്രതിഷേധം എഡിൻബറോയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിലും നടന്നു. അവിടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല. പാലസ്തീൻ വിഷയത്തിൽ പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവിരുദ്ധ നിയമങ്ങളുടെ പ്രയോഗവും സംബന്ധിച്ച ചർച്ചകൾക്ക് പുതിയ മാനം നൽകുന്നതാണ് സംഭവവികാസങ്ങൾ.











Leave a Reply