ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അറ്റ്ലാന്റിക് അടിമക്കച്ചവടം സൃഷ്ടിച്ച ദീർഘകാല വേദനകളെക്കുറിച്ച് ആത്മാർത്ഥമായ ദുഃഖത്തോടെയും ചരിത്രത്തെ മറച്ചുവയ്ക്കാത്ത സത്യസന്ധതയോടെയും സംസാരിക്കുമെന്ന് ചാൾസ് മൂന്നാമൻ രാജാവ്. കരീബിയൻ പര്യടനത്തിന്റെ അവസാനഘട്ടത്തിൽ ആന്റിഗ്വയിൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ ചൊവ്വാഴ്ച നടത്തുന്ന പ്രസംഗത്തിലാണ് അടിമക്കച്ചവടത്തിന്റെ ചരിത്രവും അതിന്റെ പ്രത്യാഘാതങ്ങളും രാജാവ് പരാമർശിക്കുക. ബ്രിട്ടന്റെ കൊളോണിയൽ ഭരണകാലത്തെ തെറ്റുകൾ തുറന്നുപറയുന്നതിൽ നിന്ന് രാജാവ് പിന്മാറില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടിമക്കച്ചവടത്തിൽ ബ്രിട്ടന്റെ പങ്കിനെക്കുറിച്ച് ഔദ്യോഗികമായി മാപ്പുപറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടിമക്കച്ചവടം ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവർത്തനമായിരുന്നുവെന്നും ഭൂതകാലത്തെ അഭിമുഖീകരിക്കാൻ ബ്രിട്ടൻ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അടിമക്കച്ചവടത്തിന് ബ്രിട്ടീഷ് സർക്കാർ ഇതുവരെ ഔദ്യോഗികമായി മാപ്പുപറയുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല. മാപ്പുപറയുന്നതും നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതും സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജകൊട്ടാരം വ്യക്തമാക്കി. ബഹാമസിൽ മുൻകാലങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് സംസാരിച്ച രാജാവ്, ഗയാനയിൽ അടിമവിപ്ലവവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലവും സന്ദർശിച്ചിരുന്നു.

രാജ്ഞി കാമിലയ്ക്കൊപ്പമാണ് ചാൾസ് രാജാവ് ആന്റിഗ്വയിലെത്തിയത്. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും മറ്റ് ഔദ്യോഗിക പരിപാടികളിലും ഇരുവരും പങ്കെടുക്കും. ഒൻപത് ദിവസം നീളുന്ന കരീബിയൻ പര്യടനത്തിനിടെ ഏകദേശം 36 ഔദ്യോഗിക പരിപാടികളിലാണ് രാജാവ് പങ്കെടുക്കുന്നത്. അതേസമയം, 2024 ആദ്യം സ്ഥിരീകരിച്ച അർബുദത്തിന് ഇപ്പോഴും ചികിത്സ തുടരുകയാണെന്നും ആരോഗ്യനില മെച്ചപ്പെട്ട പുരോഗതിയിലാണെന്നും കൊട്ടാരം അറിയിച്ചു. അടുത്തിടെ രാജകുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഔദ്യോഗിക ചുമതലകൾ തുടരുന്ന രാജാവിന്റെ സന്ദർശനം ബ്രിട്ടന്റെ കൊളോണിയൽ ചരിത്രവും അടിമക്കച്ചവടവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.