ഈ വർഷത്തെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ.ജി.എസ്. അധ്യക്ഷനായും കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളായും രൂപീകരിച്ച ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അനന്യമായ സൗന്ദര്യബോധവും വ്യത്യസ്തമായ കാഴ്ചപ്പാടും കൊണ്ട് മലയാള സാഹിത്യത്തിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ എന്ന് ജൂറി വിലയിരുത്തി.
പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കാലത്താണ് പൊൻകുന്നം വർക്കിയുടെ ആത്മകഥയെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതി മേതിൽ സാഹിത്യലോകത്തേക്ക് കടന്നുവന്നത്. പതിനെട്ടാം വയസ്സിൽ എഴുതിയ ‘ഒക്ടോപ്പസ്സിന്റെ ശവം’ എന്ന കഥ മലയാളത്തിലെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ നേടി. ചിറ്റൂർ ഗവൺമെന്റ് കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച ‘സൂര്യവംശം’ മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളിലൊന്നായി മാറി. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സാഹിത്യവുമായി സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ രചനകൾ മലയാളത്തിന്റെ ഭാഷയിലും ആവിഷ്‌കാര രീതികളിലും പുതിയ വഴികൾ തുറന്നു. കഥ, നോവൽ, കവിത, ഹൈക്കു, ലേഖനം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിലെ ഒറ്റയാൻ എന്നും എഴുത്തുകാരുടെ എഴുത്തുകാരൻ എന്നും വിശേഷിപ്പിക്കപ്പെടുന്ന മേതിൽ രാധാകൃഷ്ണൻ സാഹിത്യപുരസ്‌കാരങ്ങളോടും മത്സരങ്ങളോടും എന്നും അകലം പാലിച്ച വ്യക്തിയാണ്. ഓരോ എഴുത്തുകാരനും വ്യത്യസ്തമായ രീതിയിലാണ് എഴുതുന്നതെന്നും സാഹിത്യത്തെ മത്സരത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി തുടങ്ങിയ വ്യത്യസ്ത കളികളെ ഒരേ മാനദണ്ഡത്തിൽ താരതമ്യം ചെയ്യാനാകാത്തതുപോലെ എഴുത്തുകാരെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. പുരസ്‌കാരങ്ങളോട് വലിയ താത്പര്യം പുലർത്താതിരുന്ന ഈ എഴുത്തുകാരനെ തേടിയെത്തിയ എഴുത്തച്ഛൻ പുരസ്‌കാരം മലയാള സാഹിത്യലോകത്തിന് ഏറെ ശ്രദ്ധേയമായ അംഗീകാരമായി മാറുകയാണ്.











Leave a Reply