തിരുവനന്തപുരത്ത് ശ്രീകാര്യത്ത് 17 വയസ്സുകാരനായ അഭിരാമിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കൗമാരക്കാർക്കിടയിലെ ത്രികോണ പ്രണയത്തെച്ചൊല്ലിയുള്ള പകയെന്ന് പോലീസ്. ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട പ്രണയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ യഥാർഥത്തിൽ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത് അഭിരാമിന്റെ സുഹൃത്തിനെയായിരുന്നു. ഇയാളെ സ്ഥലത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അഭിരാം പ്രതികളുടെ കെണിയിൽപ്പെട്ടത്. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ചുവരുത്താൻ അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചെങ്കിലും സുഹൃത്ത് അപകടം മണത്ത് വരാൻ തയ്യാറായില്ല. ഇതോടെയാണ് അഭിരാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടപ്പാക്കിയതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ ശ്രീകാര്യം സ്വദേശി ഉമർ മുസ്താർ, ഇയാളുടെ പെൺസുഹൃത്തും ഐ.ടി.ഐ. വിദ്യാർഥിനിയുമായ ആനന്ദ, 17 വയസ്സുകാരനായ മറ്റൊരു പ്രതി എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ദിവസങ്ങൾക്കുമുമ്പ് തന്നെ കൗമാരക്കാരനായ ഒന്നാം പ്രതി ഇൻസ്റ്റഗ്രാമിലൂടെ കൊലപ്പെടുത്തുമെന്ന് സൂചന നൽകുകയും ഉമറിന്റെ സഹായം തേടുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ സമ്മതത്തോടെ അവളുടെ ഫോൺ ഉപയോഗിച്ച് അഭിരാമിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകത്തിനായി ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി ഉമർ നേരത്തേ അവിടെ കാത്തുനിന്നതായും അന്വേഷണത്തിൽ വ്യക്തമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഞായറാഴ്ച വൈകിട്ട് ആറിനും എട്ടിനുമിടയിലാണ് കൊലപാതകം നടന്നത്. കൈകൾകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തുഞെരിച്ചാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സ്ഥിരീകരണം. സംഭവം നടക്കുമ്പോൾ പെൺകുട്ടിയും സ്ഥലത്തുണ്ടായിരുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശപ്രകാരം ഡി.സി.പി.യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.