ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ എൻഎച്ച്എസിന് കീഴിലുള്ള മിഡ്‌വൈഫുമാരുടെ നേതൃത്വത്തിലുള്ള ബർത്ത് സെന്ററുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നത് സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും വിവിധ സംഘടനകളും. 2019 മുതൽ ഇതുവരെ 12 ബർത്ത് സെന്ററുകളാണ് ഇംഗ്ലണ്ടിൽ അടച്ചത്. ഇതിൽ ആറെണ്ണം ലേബർ സർക്കാർ അധികാരത്തിലെത്തിയ 2024 ജൂലൈയ്ക്കുശേഷമാണ് സ്ഥിരമായി അടച്ചുപൂട്ടിയത്. ആശുപത്രികളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രസവവിഭാഗങ്ങൾക്കു പുറമേ, മിഡ്‌വൈഫുമാരുടെ മേൽനോട്ടത്തിലുള്ള ബർത്ത് സെന്ററുകളിലോ വീട്ടിലോ പ്രസവം നടത്താനുള്ള അവസരം സ്ത്രീകൾക്ക് ലഭിക്കേണ്ടതാണെന്നും എന്നാൽ ഇത്തരം സൗകര്യങ്ങൾ കുറഞ്ഞുവരികയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബർത്ത് സെന്ററുകൾ അടച്ചുപൂട്ടുന്നതിനും വീട്ടിലെ പ്രസവസേവനങ്ങൾ നിർത്തിവയ്ക്കുന്നതിനും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് എൻഎച്ച്എസിലെ മിഡ്‌വൈഫുമാരുടെ കുറവാണ്. ജനനനിരക്ക് കുറയുന്നതും പ്രസവസംബന്ധമായ സങ്കീർണതകൾ വർധിക്കുന്നതും സിസേറിയൻ ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചില കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടിട്ട് വർഷങ്ങളായിട്ടും തുറന്നിട്ടില്ല. ഹഡേഴ്സ്ഫീൽഡിലെ ബർത്ത് സെന്റർ കോവിഡ് കാലത്ത് അടച്ചതാണെങ്കിലും ആറുവർഷമായിട്ടും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. സാൽഫോർഡിലെ ഇംഗ്ലിസൈഡ് കേന്ദ്രവും 2022 മുതൽ അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഗർഭിണികൾക്ക് കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിവരുന്നതായും യാത്രാച്ചെലവും ബുദ്ധിമുട്ടുകളും വർധിക്കുന്നതായും നാഷണൽ ചൈൽഡ്ബർത്ത് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യം സ്ത്രീകളെ സ്വകാര്യ മിഡ്‌വൈഫ് സേവനങ്ങൾ തേടുന്നതിനോ ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെ വീട്ടിൽ പ്രസവിക്കുന്നതിനോ പ്രേരിപ്പിക്കാമെന്നും ആശങ്കയുണ്ട്.

അതേസമയം, അടച്ചുപൂട്ടിയ ചില ബർത്ത് സെന്ററുകൾ വീണ്ടും തുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ചെൽട്ടൻഹാമിലെ ബർത്ത് സെന്റർ 2027 ഫെബ്രുവരിയിൽ തുറക്കുമെന്നും 2025 മുതൽ നിർത്തിവച്ചിരുന്ന വീട്ടിലെ പ്രസവസേവനം ജനുവരിയിൽ പുനരാരംഭിക്കുമെന്നും ഗ്ലോസ്റ്റർ ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ നോർഫോക്കിലെ ചില ആശുപത്രികളിലെ പ്രസവവിഭാഗങ്ങൾ അടച്ച് സേവനങ്ങൾ ഒരു കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നിർദേശവും ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രസവ-നവജാത ശിശു പരിചരണ സംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യ സെക്രട്ടറി യെവറ്റ് കൂപ്പർ ക്രിസ്മസിന് മുമ്പ് പുതിയ പ്രവർത്തനപദ്ധതി പ്രഖ്യാപിക്കാനിരിക്കുകയാണ്. എൻഎച്ച്എസിൽ കഴിഞ്ഞ വർഷം 600-ലധികം മിഡ്‌വൈഫുമാരെ പുതുതായി നിയമിച്ചിട്ടുണ്ടെന്നും നിലവിൽ റെക്കോർഡ് എണ്ണം മിഡ്‌വൈഫുമാർ സേവനത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ പ്രസവസ്ഥലം തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ കൂടുതൽ നടപടികൾ വേണമെന്നാണ് ആരോഗ്യസംഘടനകളുടെ ആവശ്യം.