‘രാമായണം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മണ്ഡോദരിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടുകയാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. സായി പല്ലവി സീതയായി എത്തുന്ന ചിത്രത്തിൽ, രാവണന്റെ പത്നിയായ മണ്ഡോദരിയുടെ വേഷത്തിലാണ് കാജൽ പ്രത്യക്ഷപ്പെടുന്നത്. പരിമിതമായ സ്ക്രീൻ സമയമേയുള്ളൂവെങ്കിലും തന്റെ സൗന്ദര്യവും വേഷപ്പകർച്ചയും കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. സായി പല്ലവി, രാകുൽ പ്രീത് തുടങ്ങിയ താരങ്ങൾക്കൊപ്പം കാജലിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സീതയുടെ വേഷത്തിൽ കാജലിനെയും പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായങ്ങളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ നന്ദി അറിയിച്ച് കാജൽ അഗർവാൾ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. ‘രാമായണം’ പോലൊരു മഹത്തായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അഭിമാനവും സന്തോഷവുമാണെന്ന് താരം പറഞ്ഞു. കഥാപാത്രത്തിന് സ്ക്രീൻ സമയം കുറവാണെങ്കിലും ഇന്ത്യൻ സംസ്കാരത്തോടും ചരിത്രത്തോടും ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ഇതിഹാസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്നും കാജൽ വ്യക്തമാക്കി. സംവിധായകൻ നിതേഷ് തിവാരിക്കും നിർമാതാവ് നമിത് മൽഹോത്രയ്ക്കും താരം പ്രത്യേക നന്ദി അറിയിച്ചു.
യഷ്, രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, രവി ദുബെ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് കാജൽ കുറിച്ചു. രാകുൽ പ്രീത്, വിവേക് ഒബ്റോയ്, ആദിനാഥ് കോത്താരെ തുടങ്ങിയ സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങളും മറക്കാനാവാത്തതാണെന്ന് താരം പറഞ്ഞു. ഒരു സിനിമയുടെ മഹത്വം കഥാപാത്രത്തിന്റെ വലിപ്പത്തിലോ സ്ക്രീനിൽ ലഭിക്കുന്ന സമയത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന്റെ പിന്നിലെ കൂട്ടായ പരിശ്രമവും സമർപ്പണവുമാണ് പ്രധാനമെന്നും കാജൽ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കോസ്റ്റ്യൂം വിഭാഗത്തിനും അസിസ്റ്റന്റ് ഡയറക്ടർമാർക്കും താരം പ്രത്യേകം അഭിനന്ദനവും നന്ദിയും അറിയിച്ചു.











Leave a Reply