കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ ഡോക്ടർ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 41കാരനായ ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. കുടുംബവുമായി പരിചയമുള്ള ഡോക്ടർ കഴിഞ്ഞ മാസം ഇൻഫോപാർക്കിന് സമീപമുള്ള ഹോട്ടലിൽവച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ബന്ധുവായ സ്ത്രീയുടെ പരാതി.
അതിനിടെ, ഡോക്ടറുടെ മൊബൈൽ ഫോണിൽനിന്ന് ഏകദേശം 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. യുവതികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഡോക്ടർ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ദൃശ്യങ്ങളിൽ ഉൾപ്പെട്ട യുവതികൾ പരാതിയുമായി മുന്നോട്ടുവന്നാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതികളെ ബ്ലാക്ക്മെയിൽ ചെയ്തിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടെ 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും ഇയർപോഡും ഉൾപ്പെടെ 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർന്നെന്ന പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് ചികിത്സ നൽകാനെന്ന പേരിൽ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നായിരുന്നു ഡോക്ടറുടെ പരാതി. ഈ കേസിൽ നടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഡോക്ടർക്കെതിരെ പീഡനപരാതി ഉയർന്നതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായി. ആക്രമണക്കേസിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply