കൊച്ചി: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യപ്രതി പിടിയിൽ. ‘ഡാനി ഭായ്’ എന്നറിയപ്പെടുന്ന ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ (31) ആണ് ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. അങ്കമാലിയിൽ നിന്ന് അറസ്റ്റിലായ ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിന്റെ വീഡിയോകളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് ധനേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. മൈസൂരിനടുത്ത് നഞ്ചൻഗുഡുവിൽ താമസിക്കുന്ന ധനേഷിന് അവിടെ വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായി. ഇവയുടെ മറവിലാണ് ലഹരിമരുന്ന് കടത്തും വിതരണവും നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരു–മൈസൂരു മേഖലകളിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നു ഇയാൾ.
യുവാക്കളെ ലഹരിക്കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്തിരുന്നത് ധനേഷാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ‘ഡാനി ഭായ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഹരികൃഷ്ണനും നേരത്തെ പിടിയിലായ ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് കൈമാറി പണം ധനേഷിന് എത്തിക്കുകയായിരുന്നു ഇവരുടെ ചുമതല. ബെംഗളൂരു, മൈസൂരു മേഖലകളിലെ ലഹരിവിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനും സംഘത്തെ പൂർണമായി തകർക്കാനുമുള്ള അന്വേഷണം പോലീസ് തുടരുകയാണ്.











Leave a Reply