ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ഹാസ്യനടനും നടനുമായ റസ്സൽ ബ്രാൻഡിന് (51) ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളിൽ 10 വർഷവും ആറു മാസവും തടവുശിക്ഷ. ലണ്ടനിലെ സൗത്ത്‌വാർക്ക് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്രാൻഡിനെ ലൈംഗിക വേട്ടക്കാരനെന്ന് വിശേഷിപ്പിച്ച ജഡ്ജി ജോയൽ ബെന്നത്തൻ, സ്ത്രീകളുടെ അവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ കടുത്ത അവഗണനയെയും അഹങ്കാരത്തെയും രൂക്ഷമായി വിമർശിച്ചു. 2004 മുതൽ 2009 വരെയുള്ള കാലയളവിൽ നാല് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009ൽ ലണ്ടനിലെ വീട്ടിൽവച്ച് 21കാരിയെ ബലാത്സംഗം ചെയ്തതിന് ഒൻപത് വർഷമാണ് തടവ്. 2004ൽ ഒരു ബാറിൽവച്ച് യുവതിയുടെ മാറിടത്തിൽ കടന്നുപിടിച്ചതിന് ഒൻപത് മാസവും, ചോയ്സ് എഫ്എം സ്റ്റുഡിയോയിൽവച്ച് യുവതിയെ ബലമായി ചുംബിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതിന് 18 മാസവും തടവുശിക്ഷ വിധിച്ചു. 2009ൽ ചാനൽ 4ന്റെ ഒരു പരിപാടിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ സഹപ്രവർത്തകയായ യുവതിയെ ലൈംഗികമായി അതിക്രമിച്ചതിന് എട്ട് മാസവും ശിക്ഷ ലഭിച്ചു. അതേസമയം, മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും ഒരു ബലാത്സംഗശ്രമക്കേസിലും കോടതി ബ്രാൻഡിനെ കുറ്റവിമുക്തനാക്കി. ശിക്ഷയുടെ ഭാഗമായി ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തുകയും ചെയ്യും.

വിചാരണയ്ക്കിടെ മൊഴി നൽകിയ സ്ത്രീകളുടെ ധൈര്യത്തെ ജഡ്ജി പ്രശംസിച്ചു. അതിക്രമങ്ങൾ തങ്ങളുടെ ജീവിതത്തിൽ വലിയ മാനസിക ആഘാതവും ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിച്ചതായി ഇരകൾ കോടതിയിൽ വെളിപ്പെടുത്തി. ബ്രാൻഡിന്റെ പ്രശസ്തിയും സ്വാധീനവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് സംരക്ഷണമായിരുന്നുവെന്നും 2023ൽ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന ആരോപണങ്ങൾക്ക് ശേഷമാണ് കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ ലോറ ബ്രാൻഡ് കോടതിയിൽ സന്നിഹിതയായിരുന്നു. ശിക്ഷാവിധി കേൾക്കുമ്പോൾ ബ്രാൻഡ് പ്രതികരിച്ചില്ല. ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടതിനാൽ നേരത്തെയുള്ള മോചനപദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. എന്നാൽ നിയമപ്രകാരമുള്ള ശിക്ഷാകാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കിയാൽ മോചനം ലഭിക്കാം; അങ്ങനെയെങ്കിൽ ഏഴു വർഷത്തിന് ശേഷം ജയിൽമോചിതനാകാൻ സാധ്യതയുണ്ട്.