4000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൂട്സ്. 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും 1300ഓളം പേർക്ക് ജോലി നഷ്ടമാകുമെന്നും ജോൺ ലൂയിസ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ തൊഴിലാളികൾ പ്രതിസന്ധിയിലോ?

4000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൂട്സ്. 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും 1300ഓളം പേർക്ക് ജോലി നഷ്ടമാകുമെന്നും ജോൺ ലൂയിസ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ തൊഴിലാളികൾ പ്രതിസന്ധിയിലോ?
July 09 16:52 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : ജോൺ ലൂയിസും ബൂട്സും 5,300 ജോലികൾ വെട്ടികുറയ്ക്കാനൊരുങ്ങുന്നു. 4000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ബൂട്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 1300ഓളം തൊഴിൽനഷ്ടങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും ജോൺ ലൂയിസും അറിയിച്ചു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക സഹായം മതിയാകില്ലെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഈ നീക്കങ്ങൾ. യുകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ എല്ലാ ജോലികളും സംരക്ഷിക്കാനാവില്ലെന്ന് സുനക് അറിയിച്ചിരുന്നു. ഹെഡ് ഓഫീസ് മുതൽ താഴേക്ക് ഒരു അഴിച്ചുപണി നടത്താനാണ് ബൂട്സ് ഒരുങ്ങുന്നത്. സാമ്പത്തിക മാന്ദ്യം കാരണം ധാരാളം സ്റ്റോറുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ബൂട്സ് അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പൂർണമായും ഒഴിവാക്കുന്നതുവരെ ബർമിംഗ്ഹാമിലെയും വാട്ട്ഫോർഡിലെയും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ വീണ്ടും തുറക്കാൻ കഴിയില്ലെന്ന് ജോൺ ലൂയിസ് പറഞ്ഞു. ക്രോയ്‌ഡൺ, ന്യൂബറി, സ്വിൻഡൺ, ടാംവർത്ത് എന്നിവിടങ്ങളിലെ സ്റ്റോറുകളും ഹീത്രോ വിമാനത്താവളത്തിലെയും ലണ്ടൻ സെന്റ് പാൻക്രാസിലെയും യാത്രാ സൈറ്റുകളും അടച്ചുപൂട്ടാൻ അവർ പദ്ധതിയിടുന്നു.

ജോബ് റീട്ടെൻഷൻ ബോണസ് അടക്കമുള്ള പദ്ധതികൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് കമ്പനികളുടെ ഈ പ്രഖ്യാപനങ്ങൾ. ഫാർമസി, ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നതിനായി ബൂട്സിന്റെ മിക്ക ഔട്ട്ലെറ്റുകളും ലോക്ക്ഡൗണിലുടനീളം തുറന്നെങ്കിലും വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജെയിംസ് വെളിപ്പെടുത്തി. കോവിഡ് 19 വന്നതോടെ ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞു. ഇതോടെ സ്റ്റോറുകളിലെ വിൽപ്പനയിലും ഇടിവുണ്ടായി. പകർച്ചവ്യാധിക്ക് മുമ്പ് തന്നെ എട്ടു സ്റ്റോറുകൾ സാമ്പത്തികമായി നഷ്ടത്തിലായിരുന്നുവെന്ന് ജോൺ ലൂയിസ് പറഞ്ഞു. കഴിയുന്നത്ര ആളുകളെ നിലനിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് ജോൺ ലൂയിസ് പാർട്ണർഷിപ്പ് ചെയർപേഴ്‌സൺ ഷാരോൺ വൈറ്റ് പറഞ്ഞു.

അതേസമയം, ചാൻസലറുടെ സാമ്പത്തിക സഹായ പ്രഖ്യാപനത്തിന് പിന്നാലെ നികുതി ഉയരാൻ സാധ്യതയുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് പറഞ്ഞു. ഇന്നലെ 30 ബില്യൺ പൗണ്ടിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ആകെ 190 ബില്യൺ പൗണ്ടിന്റെ ധനസഹായം ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാണ് യുകെ നീങ്ങുന്നതെന്ന് ഐ‌എഫ്‌എസ് ഡയറക്ടർ പോൾ ജോൺസൺ മുന്നറിയിപ്പ് നൽകി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles