ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) കീഴിലുള്ള പകുതിയോളം ആശുപത്രി ട്രസ്റ്റുകളിൽ പ്രസവാവധിയെടുക്കുന്ന ജീവനക്കാർക്ക് പകരം ആളുകളെ നിയമിക്കുന്നതിനായി പ്രത്യേക ഫണ്ട് നീക്കിവച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി (സിഎസ്പി) നടത്തിയ വിവരാവകാശ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 49 ശതമാനം ട്രസ്റ്റുകൾക്കും പ്രസവാവധി കാലത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പ്രത്യേക ബജറ്റോ അധിക ചെലവ് അനുവദിക്കുന്ന നയമോ ഇല്ല. ഫണ്ട് ലഭ്യമാകുന്ന ഇടങ്ങളിൽ പോലും ഫിസിയോതെറാപ്പി വിഭാഗത്തിന് നേഴ്സിങ് വിഭാഗത്തെ അപേക്ഷിച്ച് കുറഞ്ഞ പരിഗണനയാണ് ലഭിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫിസിയോതെറാപ്പി ജീവനക്കാരുടെ പ്രസവാവധി സമയത്ത് പകരം ജീവനക്കാരെ നിയമിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ലെന്ന് 22 ശതമാനം ട്രസ്റ്റുകൾ അറിയിച്ചു. നേഴ്സിങ് വിഭാഗത്തിൽ ഇത് ഒൻപത് ശതമാനം മാത്രമാണ്. എൻഎച്ച്എസിലെ ഫിസിയോതെറാപ്പി ജീവനക്കാരിൽ 79 ശതമാനവും സ്ത്രീകളാണെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ജീവനക്കാരുടെ കുറവ് നികത്താതെ നിലവിലുള്ളവർക്ക് കൂടുതൽ ജോലിഭാരം നൽകുന്നത് രോഗികൾക്ക് ചികിത്സയും പുനരധിവാസവും ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വർധിപ്പിക്കുമെന്ന് സിഎസ്പി മുന്നറിയിപ്പ് നൽകി. നിയമന മരവിപ്പിക്കലും ഒഴിവുകൾ നികത്താത്തതും ചികിത്സയ്ക്കുള്ള ആവശ്യകത വർധിക്കുന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

ആവശ്യമായ ജീവനക്കാരുടെ അഭാവം ഫിസിയോതെറാപ്പി സേവനങ്ങളുടെ ഗുണനിലവാരത്തെയും രോഗികളുടെ ചികിത്സയെയും നേരിട്ട് ബാധിക്കുമെന്ന് പേഷ്യന്റ്സ് അസോസിയേഷൻ ചെയർമാൻ അലസ്റ്റർ ഹെൻഡേഴ്സണും മുന്നറിയിപ്പ് നൽകി. മതിയായ പകരം ജീവനക്കാരില്ലാത്തത് ചികിത്സ വൈകാനും വിദഗ്ധ സേവനങ്ങൾ ലഭിക്കാതിരിക്കാനും ഇടയാക്കും. നേരത്തെ നടത്തിയ പഠനത്തിൽ എൻഎച്ച്എസിലെ പത്തിൽ നാലു ഫിസിയോതെറാപ്പി ജീവനക്കാർക്കും പുനരധിവാസത്തിനുള്ള പ്രത്യേക മുറികൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. രോഗികൾക്ക് ആവശ്യമായ ചികിത്സ മുടങ്ങാതിരിക്കാൻ എല്ലാ ആരോഗ്യവിഭാഗങ്ങൾക്കും പ്രസവാവധി സമയത്തെ പകരം നിയമനത്തിന് തുല്യമായ ഫണ്ട് ഉറപ്പാക്കണമെന്നും നിയമന മരവിപ്പിക്കൽ പിൻവലിച്ച് ഫിസിയോതെറാപ്പി മേഖലയിലെ ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.