ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുറ്റവാളികളെ കണ്ടെത്താൻ ബ്രിട്ടീഷ് പൊലീസ് ഉപയോഗിക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലെ പിഴവുകൾ നിരപരാധികൾ തെറ്റായി അറസ്റ്റിലാകാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ്. പ്രത്യേകിച്ച് ഏഷ്യൻ, കറുത്തവർഗക്കാർ ഉൾപ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങളാണ് ഇത്തരം പിഴവുകളുടെ കൂടുതൽ ഭീഷണി നേരിടുന്നതെന്ന് ബ്രിട്ടീഷ് പൊലീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പൊലീസ് വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകി. അന്വേഷണത്തിന്റെ ഭാഗമായി പഴയ ചിത്രങ്ങൾ പരിശോധിച്ച് ആളുകളെ തിരിച്ചറിയുന്ന റിട്രോസ്പെക്ടീവ് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങളെ ചില പൊലീസ് ഉദ്യോഗസ്ഥർ തെളിവുകളായി കണക്കാക്കുന്നതാണ് പ്രധാന പ്രശ്നം. എന്നാൽ ഇവ അന്വേഷണത്തിന് സഹായിക്കുന്ന സൂചനകൾ മാത്രമാണെന്നും കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമേ നടപടികളിലേക്ക് കടക്കാവൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അവ്യക്തമായ ചിത്രങ്ങൾ, ഒന്നിലധികം മുഖങ്ങളുള്ള ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതും തെറ്റായ തിരിച്ചറിയലിന് കാരണമാകുന്നു. നിയമപ്രകാരം നീക്കം ചെയ്യേണ്ട ചില കസ്റ്റഡി ചിത്രങ്ങൾ പോലും പൊലീസ് ഡാറ്റാബേസുകളിൽ നിലനിർത്തിയിരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കാൻ സമഗ്രമായ നിയമസംവിധാനം നിലവിലില്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. ശക്തമായ ദേശീയ മാനദണ്ഡങ്ങളും സ്വതന്ത്രമായ മേൽനോട്ടവും ആവശ്യമാണെന്ന് പൊലീസ് വാച്ച്ഡോഗ് നിർദേശിക്കുന്നു. സാങ്കേതികവിദ്യ നൽകുന്ന ഫലങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കണമെന്നും അന്തിമ തീരുമാനങ്ങൾ മനുഷ്യരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുറ്റാന്വേഷണത്തിന് ഈ സംവിധാനം പ്രയോജനകരമാണെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപയോഗിക്കുന്നത് നിരപരാധികളുടെ പൗരാവകാശങ്ങൾക്ക് ഭീഷണിയാകുമെന്നാണ് മുന്നറിയിപ്പ്.