ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ പുനരുപയോഗ ഊർജമേഖലയിൽ ചരിത്രപരമായ നിക്ഷേപത്തിന് വഴിയൊരുക്കി രണ്ട് വൻ കടൽക്കാറ്റാടി വൈദ്യുതി പദ്ധതികൾക്ക് അന്തിമ അനുമതി. വാൻഗാർഡ് വെസ്റ്റ്, വാൻഗാർഡ് ഈസ്റ്റ് എന്നീ പദ്ധതികൾക്കായി ഏകദേശം 12 ബില്യൺ പൗണ്ട് (ഏകദേശം 1.4 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ജർമൻ ഊർജകമ്പനിയായ ആർ.ഡബ്ല്യു.ഇയും ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആറും പ്രഖ്യാപിച്ചു. നോർഫോക്ക് തീരത്തുനിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ അകലെ വടക്കൻ കടലിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. രണ്ട് പദ്ധതികൾക്കും കൂടി 2.8 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുണ്ടാകും. ഏകദേശം 30 ലക്ഷം വീടുകൾക്ക് ആവശ്യമായ വൈദ്യുതി നൽകാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. 2030-ഓടെ പദ്ധതികൾ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.

നിക്ഷേപത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ആൻഡി ബേൺഹാം, ഓരോ കാറ്റാടിയന്ത്രവും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ബ്രിട്ടന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ സംഭവവികാസങ്ങൾ മൂലമുണ്ടാകുന്ന ഇന്ധനവില വ്യതിയാനങ്ങളിൽനിന്ന് രാജ്യത്തിന് സംരക്ഷണം ലഭിക്കുമെന്നും വ്യക്തമാക്കി. പദ്ധതികൾ നിർമാണ – പ്രവർത്തന ഘട്ടങ്ങളിലായി 2,400-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു. നിക്ഷേപത്തിൽ ഒരു ബില്യൺ പൗണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ വെൽത്ത് ഫണ്ടും ഉൾപ്പെടുന്നു. 35 അന്താരാഷ്ട്ര ബാങ്കുകളുടെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതികൾക്ക് ധനസമാഹരണം പൂർത്തിയാക്കിയത്. ആർ.ഡബ്ല്യു.ഇക്കും കെ.കെ.ആറിനും പദ്ധതികളിൽ 50 ശതമാനം വീതം ഓഹരിയുണ്ടാകും. 2027-ന്റെ തുടക്കത്തിൽ കടലിലെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

ഇതിനിടെ, സ്കോട്ട് ലൻഡിന്റെ കിഴക്കൻ തീരത്തുള്ള ബെർവിക് ബാങ്ക് ബി കടൽക്കാറ്റാടി പദ്ധതിയുമായി ബന്ധപ്പെട്ടും വൻ തൊഴിലവസര പ്രഖ്യാപനമുണ്ടായി. പദ്ധതിക്കായി ടർബൈനുകളും ഓഫ്ഷോർ സബ്സ്റ്റേഷൻ സംവിധാനങ്ങളും നിർമിക്കുന്നതിന് സീമെൻസ് എനർജിയെ മുൻഗണനാ വിതരണക്കാരായി എസ്.എസ്.ഇ. തിരഞ്ഞെടുത്തു. ഇതിലൂടെ ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലുമായി 2,677 വിദഗ്ധ തൊഴിലവസരങ്ങൾ പിന്തുണയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷ. പൂർണ ശേഷിയിൽ വികസിപ്പിച്ചാൽ ബെർവിക് ബാങ്ക് ലോകത്തിലെ ഏറ്റവും വലിയ കടൽക്കാറ്റാടി വൈദ്യുതി പദ്ധതികളിലൊന്നായി മാറുകയും ബ്രിട്ടന്റെ നിലവിലെ വൈദ്യുതി ആവശ്യത്തിന്റെ ആറു ശതമാനത്തിലധികം നിറവേറ്റുകയും ചെയ്യും. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ സി.ഒ.പി.31 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെയാണ് ബേൺഹാമിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. ഊർജസ്വയംപര്യാപ്തതയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നീക്കത്തെ സർക്കാർ വിലയിരുത്തുന്നത്.











Leave a Reply