ലണ്ടൻ: ഫുട്ബോൾ കരിയറിന് വിരാമമിട്ടശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മറ്റൊരു റോളിൽ തിരിച്ചെത്തിയേക്കുമെന്ന് മുൻ ഫിറ്റ്നസ് കോച്ച് മിക് ക്ലെഗ്. ക്ലബ്ബിന്റെ പരിശീലകനായോ ഉടമയായോ റൊണാൾഡോ എത്താനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 11 വർഷത്തോളം സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി പ്രവർത്തിച്ച ക്ലെഗിന് റൊണാൾഡോയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 18-ാം വയസ്സിൽ യുണൈറ്റഡിലെത്തിയപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരമാകണമെന്ന ആഗ്രഹം റൊണാൾഡോ പ്രകടിപ്പിച്ചിരുന്നതായും ക്ലെഗ് ഓർമിച്ചു.
പരിശീലകനാകാനുള്ള കഴിവ് റൊണാൾഡോയ്ക്കുണ്ടെന്നാണ് ക്ലെഗിന്റെ അഭിപ്രായം. കരിയറിൽ നിരവധി പ്രമുഖ പരിശീലകർക്കു കീഴിൽ കളിച്ച അനുഭവം അദ്ദേഹത്തിനുണ്ട്. മികച്ച പരിശീലകരുടെയും മോശം പരിശീലകരുടെയും പ്രവർത്തനരീതികൾ അടുത്തറിയാൻ കഴിഞ്ഞതും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും പഠിക്കാനുമുള്ള മനോഭാവവും പരിശീലകസ്ഥാനത്ത് സഹായിക്കുമെന്നാണ് ക്ലെഗ് പറയുന്നത്. റൊണാൾഡോ തന്റെ ഭാവി നേരത്തേ ആസൂത്രണം ചെയ്യുന്ന വ്യക്തിയാണെന്നും വിരമിക്കലിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ഇതിനകം ചിന്തിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പരിശീലകനാകുന്നതിനേക്കാൾ ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയാകാനാണ് റൊണാൾഡോയ്ക്ക് താൽപര്യം. പരിശീലകസ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും ക്ലബ്ബ് ഉടമസ്ഥതയാണ് കൂടുതൽ ആകർഷിക്കുന്നതെന്നും താരം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 2024ലെ ദുബായ് ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടമയായിരുന്നെങ്കിൽ ചില കാര്യങ്ങൾ മാറ്റുമായിരുന്നുവെന്നും റൊണാൾഡോ പറഞ്ഞിരുന്നു. സ്പാനിഷ് ക്ലബ്ബായ അൽമേരിയയിൽ നിക്ഷേപം നടത്തിയതും ഫുട്ബോൾ മേഖലയിലെ ബിസിനസ് താൽപര്യങ്ങളുടെ സൂചനയാണ്. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചുവരുമെന്നോ ഉടമസ്ഥത ഏറ്റെടുക്കുമെന്നോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.











Leave a Reply