മലപ്പുറം വേങ്ങരയിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി 44 കാരനായ രാംദാസിനെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വേങ്ങര സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയില്‍ നിന്നും നിരന്തരമായി അധ്യാപികയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഡയറിക്കുറുപ്പുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആര്‍പിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു