ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വ്യാപാരം നടത്തുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ രണ്ടു വർഷത്തെ ഇളവ് ആവശ്യപ്പെടാനൊരുങ്ങി ബ്രിട്ടീഷ് വാഹന വ്യവസായം. ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര കരാറിലെ ബാറ്ററി ഉത്ഭവനിയമങ്ങൾ 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച് വീണ്ടും കാലാവധി നീട്ടാൻ ഇരുവിഭാഗവും ധാരണയിലെത്തിയില്ലെങ്കിൽ ബ്രിട്ടനിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കും തിരിച്ചുമുള്ള ഭൂരിഭാഗം ഇലക്ട്രിക് വാഹനങ്ങൾക്കും 10 ശതമാനം തീരുവ ബാധകമാകാനുള്ള സാധ്യതയുണ്ട്. നേരത്തേ ഈ വ്യവസ്ഥകൾ നടപ്പാക്കുന്നത് നീട്ടിവച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ച പ്രാഥമിക നിർദേശം രണ്ടു വർഷത്തേക്കാൾ കുറഞ്ഞ കാലയളവിലുള്ള ഇളവാണെന്നാണ് റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാറ്ററി നിർമാണത്തിൽ ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും പ്രതീക്ഷിച്ച വളർച്ച കൈവരിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പുതിയ നിയമപ്രകാരം ഇലക്ട്രിക് വാഹനത്തിന്റെ മൂല്യത്തിന്റെ കുറഞ്ഞത് 55 ശതമാനവും ബാറ്ററി സെല്ലുകളുടെ 65 ശതമാനവും ബാറ്ററി പാക്കിന്റെ 70 ശതമാനവും ബ്രിട്ടനിലോ യൂറോപ്യൻ യൂണിയനിലോ ഉൽപ്പാദിപ്പിച്ചതായിരിക്കണം. ഈ നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങൾക്ക് 10 ശതമാനം തീരുവ നൽകേണ്ടിവരും. ബാറ്ററി നിർമാണശാലകൾ സ്ഥാപിക്കുന്നതിലെ കാലതാമസവും ചൈന, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബാറ്ററി ഘടകങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നതും വാഹന നിർമാതാക്കൾക്ക് വെല്ലുവിളിയാണ്.

അതേസമയം, യൂറോപ്യൻ വാഹന നിർമാതാക്കളുടെ സംഘടനയായ എസിഇഎയുടെ കണക്കനുസരിച്ച് 2027ൽ യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന ഏകദേശം 5.2 ലക്ഷം ഇലക്ട്രിക് കാറുകളിലും വാനുകളിലും 82 ശതമാനത്തിനും പുതിയ നിബന്ധനകൾ പാലിക്കാനാകില്ല. ഇതുമൂലം മാത്രം 147 കോടി യൂറോയുടെ അധിക ചെലവുണ്ടാകാമെന്നാണ് വിലയിരുത്തൽ. ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ സംഘടനയായ എസ്.എം.എം.ടി.യും തീരുവ ഏർപ്പെടുത്തിയാൽ വ്യവസായത്തിന് 140 കോടി പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, തീരുവ നീട്ടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ വ്യവസായ മേഖലയുമായി ചർച്ച നടത്തുകയാണെന്നും ഒരു വർഷത്തെ ഇളവ് പരിഗണനയിലുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ രണ്ടു വർഷത്തെ ഇളവിനായുള്ള ബ്രിട്ടീഷ് വ്യവസായത്തിന്റെ ആവശ്യം അംഗീകരിക്കുമോ എന്നത് വ്യക്തമല്ല.