ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ പ്രശസ്ത ഹാസ്യനടനും കുട്ടികളുടെ എഴുത്തുകാരനുമായ ഡേവിഡ് വാലിയംസിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ബ്രിട്ടനിൽ വലിയ വിവാദമാകുന്നു. ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ നിരവധി കുടുംബങ്ങൾ കുട്ടികളുടെ പുസ്തകശേഖരത്തിൽനിന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നീക്കം ചെയ്യുകയാണ്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടിരുന്ന വാലിയംസിന്റെ പുസ്തകങ്ങൾ ഇനി വീട്ടിൽ സൂക്ഷിക്കേണ്ടതില്ലെന്നാണ് ചില മാതാപിതാക്കളുടെ നിലപാട്. ദി വർക്സ്, ടിജി ജോൺസ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളും പുസ്തകങ്ങൾ വിൽപ്പനയിൽനിന്ന് പിൻവലിച്ചു. വാട്ടർസ്റ്റോൺസ് നിലവിലുള്ള പുസ്തകങ്ങൾ പ്രസാധകരായ ഹാർപ്പർകോളിൻസിന് തിരികെ നൽകുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയാണ്. ചില സ്വതന്ത്ര പുസ്തകശാലകൾ വർഷങ്ങൾക്കു മുമ്പുതന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിൽക്കുന്നത് നിർത്തിയിരുന്നു.

അതിനിടെ, വാലിയംസിനെതിരായ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു. 2000 – കളിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. മാധ്യമറിപ്പോർട്ടുകളിലെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് സംഭവങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രത്യേക ലൈംഗികാതിക്രമ അന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ വാലിയംസിനെ അറസ്റ്റ് ചെയ്യുകയോ പരിശോധനകൾ നടത്തുകയോ ചെയ്തിട്ടില്ല.
15 വയസ്സുള്ളപ്പോഴാണ് വാലിയംസിനെ പരിചയപ്പെട്ടതെന്നും പിന്നീട് തങ്ങൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയെന്നും രണ്ട് സ്ത്രീകൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടനിലെ “Britain’s Got Talent ” എന്ന ടെലിവിഷൻ പരിപാടിയിലും മുൻ പ്രസാധകസ്ഥാപനമായ ഹാർപ്പർകോളിൻസിലും തന്റെ പ്രശസ്തിയും അധികാരവും ഉപയോഗിച്ച് യുവതികളെ സമീപിച്ചെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ താൻ ലൈംഗികചൂഷണം നടത്തിയിട്ടില്ലെന്നും നിയമം ലംഘിച്ചിട്ടില്ലെന്നും വാലിയംസ് ആരോപണങ്ങൾ നിഷേധിച്ചു. അതേസമയം, ചില ബന്ധങ്ങളിൽ മറ്റുള്ളവരുടെ വികാരങ്ങൾ വേണ്ടത്ര പരിഗണിക്കാതിരുന്നതിൽ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിവാദത്തെ തുടർന്ന് അദ്ദേഹത്തിന്റെ സാഹിത്യ ഏജൻസി ബന്ധം അവസാനിപ്പിക്കുകയും ബിബിസി ഐപ്ലെയറിൽനിന്ന് അദ്ദേഹത്തിന്റെ പരിപാടികൾ നീക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.











Leave a Reply