തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച ചാലയിലെ സ്വർണക്കവർച്ചയിൽ നഷ്ടമായ സ്വർണത്തിന്റെ അളവിനെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വർണമാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. ആദ്യം രണ്ടുകിലോയോളം സ്വർണം നഷ്ടമായെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. എന്നാൽ പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ഉടമ 15 പവൻ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. വിവിധ ജ്വല്ലറികളിൽനിന്ന് ശുദ്ധീകരണത്തിനായി ശേഖരിച്ച പഴയ സ്വർണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് ഉടമയുടെ വിശദീകരണം.
വ്യാഴാഴ്ച രാത്രി കടയടച്ച് വലിയശാലയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ ചാല മരക്കട റോഡിലെ സഭാവതി കോവിൽ ലെയ്നിൽ വച്ചായിരുന്നു കവർച്ച. ബൈക്കിലെത്തിയ സംഘം നന്ദകുമാറിനെ പിന്തുടർന്ന് സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ചാസംഘം ബൈക്കിൽ പിന്തുടരുന്നതും ബാഗ് തട്ടിയെടുത്ത് കടന്നുകളയുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതികൾ സഞ്ചരിച്ച ബൈക്ക് ഹോണ്ട സി.ബി 350 വിഭാഗത്തിൽപ്പെട്ടതാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സമാന ബൈക്കുകളുടെ ഉടമകളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
നഷ്ടപ്പെട്ട സ്വർണത്തിന്റെ യഥാർഥ അളവ് സംബന്ധിച്ച വ്യക്തത വരുത്തുന്നതിനൊപ്പം പ്രതികളെ കണ്ടെത്തുന്നതിനാണ് പൊലീസ് ഇപ്പോൾ മുൻഗണന നൽകുന്നത്. ജ്വല്ലറി ഉടമയുടെ പതിവ് യാത്രാസമയവും സ്വർണം കൊണ്ടുപോകുന്ന വിവരവും അറിയാവുന്നവർക്ക് കവർച്ചയിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഫോർട്ട് പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘങ്ങളും കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.











Leave a Reply