ചേർത്തല: കെഎസ്ആർടിസി ബസുകൾക്ക് സർവീസിനുശേഷം മൈലേജ് കുറയുന്നതിന്റെ കാരണം അന്വേഷിച്ച അധികൃതർ കണ്ടെത്തിയത് ഡീസൽ മോഷണം. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് പൂർത്തിയാക്കി പാർക്ക് ചെയ്യുന്ന ബസുകളിൽനിന്ന് ഡീസൽ ചോർത്തിയ സംഭവത്തിൽ മെക്കാനിക്കൽ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പി.സി. കണ്ണൻ, എം. ജയേഷ്, ശരത്ത് ശശി എന്നിവർക്കെതിരെയാണ് നടപടി. കെഎസ്ആർടിസി സിഎംഡിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ബസുകളുടെ മൈലേജിൽ തുടർച്ചയായി കുറവ് അനുഭവപ്പെട്ടതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ബസുകളിൽ സാങ്കേതിക തകരാറുകളുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് ഡീസൽ മോഷണം സംശയിച്ച് രഹസ്യ നിരീക്ഷണം ഏർപ്പെടുത്തിയത്. എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പെൻക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഡീസൽ ചോർത്തൽ പുറത്തുകൊണ്ടുവന്നത്.
രാത്രികാലങ്ങളിൽ സർവീസ് കഴിഞ്ഞ് നിർത്തിയിടുന്ന ബസുകളുടെ ഇന്ധനടാങ്കുകളിൽനിന്ന് ട്യൂബ് ഉപയോഗിച്ച് 10 മുതൽ 15 ലീറ്റർ വരെ ഡീസൽ ഊറ്റിയെടുത്ത് വിൽക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിഎംഡി സ്ക്വാഡിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചത്.











Leave a Reply