ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബർമിങ് ഹാമിൽ ജാമ്യാധികാരിക്കു നേരെ കത്തിയാക്രമണം നടത്തിയ കേസിൽ ഹമാസ് മുൻ നേതാവ് ഇസ്മായിൽ ഹനിയ്യയുടെ അംഗരക്ഷകനായിരുന്ന മുഹമ്മദ് അൽഫത്തിഹ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാര്യയുടെ 2,250 പൗണ്ടിലധികം വരുന്ന പിഴയുമായി ബന്ധപ്പെട്ട് കാർ പിടിച്ചെടുക്കാനെത്തിയ ജാമ്യാധികാരി കെവിൻ ബക്നലിനെതിരെയായിരുന്നു ആക്രമണം. 2025 ഒക്ടോബർ 14ന് നടന്ന സംഭവത്തിൽ രണ്ട് വലിയ കത്തികളുമായി ഇയാൾ ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഉദ്യോഗസ്ഥന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. നിയമവിരുദ്ധമായി പരിക്കേൽപ്പിക്കൽ, രണ്ട് കത്തികൾ കൈവശംവെക്കൽ, നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളിലാണ് ഭൂരിപക്ഷ വിധിയിലൂടെ അൽഫത്തിഹ് കുറ്റക്കാരനായത്. എന്നാൽ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ പരിക്കേൽപ്പിച്ചെന്ന കുറ്റത്തിൽനിന്ന് കോടതി ഇയാളെ ഒഴിവാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജർമനിയിൽ ജനിച്ച 40കാരനായ അൽഫത്തിഹ് 2006 മുതൽ 2008 വരെ ഹമാസ് മുൻ നേതാവ് ഇസ്മായിൽ ഹനിയ്യയുടെ അംഗരക്ഷകനായി പ്രവർത്തിച്ചിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട്. മുഹമ്മദ് നയിം എന്ന പേരിലാണ് ഇയാൾ നേരത്തെ അറിയപ്പെട്ടിരുന്നത്. 2015ൽ ബ്രിട്ടനിൽ അഭയം ലഭിക്കുകയും 2021ൽ ബ്രിട്ടീഷ് പൗരത്വം നേടുകയും ചെയ്തു. ബർമിങ്ങാമിലെ ആക്രമണസമയത്ത് ഭീകരവിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കേസിൽ അറസ്റ്റിലായിരിക്കെ ജർമൻ അധികൃതരുടെ ആവശ്യപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. ജർമനിയിൽ ജൂതരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്താനുള്ള ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. ആയുധങ്ങൾ എത്തിക്കുന്നതിലും ആക്രമണത്തിന്റെ ആസൂത്രണത്തിലും പങ്കാളിയായിരുന്നുവെന്നാണ് ജർമൻ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് ലഭിച്ച വിവരത്തെ തുടർന്നാണ് ആക്രമണപദ്ധതി തടയാനായതെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ടാഴ്ച നീണ്ട വിചാരണയ്ക്കിടെ ഹമാസുമായുള്ള ബന്ധവും അംഗരക്ഷകനായിരുന്ന വിവരവും ജൂറിയെ അറിയിച്ചിരുന്നില്ല. ആക്രമണം നടന്നത് സ്വയംരക്ഷയ്ക്കായിരുന്നുവെന്നാണ് അൽഫത്തിഹ് കോടതിയിൽ വാദിച്ചത്. ഗാസയിൽ സഹോദരൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവമെന്നും മുൻകാലത്തെ പീഡനാനുഭവങ്ങളും ഭയവും തന്നെ മാനസികമായി തളർത്തിയിരുന്നുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ജനുവരി 11ന് ബാർമിംഗ് ഹാമിൽ ശിക്ഷ വിധിക്കും. ബ്രിട്ടനിലെ ശിക്ഷ പൂർത്തിയാക്കിയശേഷം ജർമനിയിലേക്ക് നാടുകടത്തൽ നടപടികൾ നേരിടേണ്ടിവരും. അഭയം നൽകിയതും പിന്നീട് പൗരത്വം അനുവദിച്ചതും അതിശയകരമാണെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഹമാസ് നിരോധിത ഭീകരസംഘടനയാണെന്നും അതിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ സർക്കാർ അപലപിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.