ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ ലീഡ്സിൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ മറ്റൊരു വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവും യുവതിയും മരിച്ചു. ഞായറാഴ്ച പുലർച്ചെ 00.44നാണ് അപകടം. ഗെൽഡേർഡ് റോഡിൽ പൊലീസിന്റെ നിർദേശം അവഗണിച്ച് നിർത്താതെ പോയ നീല ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് വെള്ള ഫോക്സ്വാഗൺ സിറോക്കോ കാറിൽ ഇടിക്കുകയായിരുന്നു. ഫോക്സ്വാഗൺ ഓടിച്ചിരുന്ന 22കാരൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന 23കാരിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരും യോർക്കിൽ നിന്നുള്ളവരാണ്.

അപകടത്തിൽപ്പെട്ട ബിഎംഡബ്ല്യു കാറിലുണ്ടായിരുന്ന 39കാരനായ ഹാരോഗേറ്റ് സ്വദേശി, 16ഉം 17ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ, 16കാരിയായ പെൺകുട്ടി എന്നിവരെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ലഹരിയിൽ വാഹനമോടിച്ചെന്ന സംശയവും 39കാരനെതിരെ ഉയർന്നിട്ടുണ്ട്. ബിഎംഡബ്ല്യുവിലുണ്ടായിരുന്ന കൗമാരക്കാർക്ക് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് ഗെൽഡേർഡ് റോഡിൽ പൊലീസ് പരിശോധനയും ഗതാഗത നിയന്ത്രണവും തുടരുകയാണ്. ഈ വഴിയുള്ള യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനായി കേസ് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കണ്ടക്ടിന് കൈമാറിയതായി വെസ്റ്റ് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. അപകടത്തിന് ദൃക്സാക്ഷികളായവർ വിവരങ്ങൾ കൈമാറണമെന്നും പൊലീസ് അഭ്യർഥിച്ചു.











Leave a Reply