ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: രാജ്യത്തെ മൂന്ന് മേഖലകളിൽ തണുപ്പ് കൂടുന്നത് മൂലമുള്ള ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോർത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്‌ഷയർ ആൻഡ് ഹംബർ മേഖലകളിലാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച രാത്രി ഒൻപത് മണി മുതൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണി വരെയാണ് മുന്നറിയിപ്പ്. തണുപ്പ് ആരോഗ്യ – സാമൂഹിക പരിചരണ സേവനങ്ങൾക്ക് ചെറിയ തോതിൽ പ്രതിസന്ധിയുണ്ടാക്കാനും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രായമായവർക്കും നേരത്തേ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും തണുപ്പ് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാരാന്ത്യത്തിൽ കാലാവസ്ഥയിൽ നേരിയ ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥാ പ്രവചനങ്ങൾക്കിടെയാണ് തിങ്കളാഴ്ച മുതൽ വീണ്ടും തണുപ്പ് ശക്തമാകുമെന്ന മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകാൻ സാധ്യതയില്ലെങ്കിലും പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും തണുത്ത കാറ്റും മഴയും അനുഭവപ്പെടും. വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും മഴയ്ക്കു പിന്നാലെ താപനില താഴുന്നതോടെ റോഡുകളിൽ മഞ്ഞുപാളികൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സ്കോട്ട് ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച യാത്രാദുരിതത്തിനും കാരണമായേക്കും.

തണുപ്പ് വർധിക്കുന്ന സാഹചര്യത്തിൽ 65 വയസ്സിനു മുകളിലുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിർദേശിച്ചു. വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന മുറികൾക്ക് ആവശ്യമായ ചൂട് ഉറപ്പാക്കുകയും ചൂടുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. പ്രായമായ ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെയും ഇടയ്ക്കിടെ സന്ദർശിച്ച് അവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. വെള്ളിയാഴ്ച രാത്രി സൗത്ത് വെയിൽസിലെ സെനിബ്രിഡ്ജിൽ മൈനസ് 6.6 ഡിഗ്രിയും കുംബ്രിയയിലെ ഷാപ്പിൽ മൈനസ് 6.5 ഡിഗ്രിയുമായിരുന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വരും ദിവസങ്ങളിലും താപനില താഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.