ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ചാരനായ ജെയിംസ് ബോണ്ടായി ഇനി ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസൺ. 40കാരനായ പാറ്റിൻസണെ പുതിയ 007 താരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ട്വൈലൈറ്റ്’, ‘ദ ബാറ്റ്മാൻ’, ‘ദ ഒഡീസി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം, ജെയിംസ് ബോണ്ടാകാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് പ്രതികരിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചാണ് പ്രഖ്യാപനം നടത്തിയത്. ‘ജെയിംസ് ബോണ്ട് തിരിച്ചെത്തും’ എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി ആരെത്തുമെന്ന വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധായകനായി ഡെനിസ് വില്ലെന്യൂവും തിരക്കഥാകൃത്തായി ‘പീക്കി ബ്ലൈൻഡേഴ്സ്’ സീരീസിന്റെ സ്രഷ്ടാവ് സ്റ്റീവൻ നൈറ്റും നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വില്ലെന്യൂവിന്റെ ‘ഡ്യൂൺ: പാർട്ട് ത്രീ’യിലും പാറ്റിൻസൺ അഭിനയിക്കുന്നുണ്ട്. വലിയ സിനിമാ ഫ്രാഞ്ചൈസികളിലും വ്യത്യസ്ത സ്വഭാവമുള്ള ചിത്രങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച താരമാണ് പാറ്റിൻസണെന്ന് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ബെൻ റോബർട്സ് അഭിപ്രായപ്പെട്ടു. എന്നാൽ, ഹോളിവുഡ് വീണ്ടും പരിചിത മുഖങ്ങളെ തന്നെ പ്രധാന വേഷങ്ങളിലേക്ക് തിരഞ്ഞെടുക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ബോണ്ട് പരമ്പരയുടെ ചരിത്രത്തിൽ ഏഴാമത്തെ താരമായിരിക്കും പാറ്റിൻസൺ. ഇതുവരെ സീൻ കോണറി, ജോർജ് ലേസൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് എന്നിവരാണ് ഈ വേഷത്തിലെത്തിയത്. 2006ൽ ‘കാസിനോ റോയൽ’ എന്ന ചിത്രത്തിലൂടെയാണ് ക്രെയ്ഗ് ബോണ്ടായി അരങ്ങേറിയത്. 15 വർഷത്തിനിടെ അഞ്ച് ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

പുതിയ ചിത്രത്തിലെ നായിക, വില്ലൻ, സംഗീതം ഒരുക്കുന്ന ഗായകൻ എന്നിവരെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഇനിയും വന്നിട്ടില്ല. അഡെൽ, മഡോണ, ടീന ടർണർ തുടങ്ങിയ പ്രമുഖർ മുൻപ് ബോണ്ട് ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടില്ല. 2021ൽ ഡാനിയൽ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ പുറത്തിറങ്ങിയതിനു ശേഷം അഞ്ചുവർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതിയ താരത്തെ കണ്ടെത്തിയത്. 2025ന്റെ തുടക്കത്തിൽ ബോണ്ട് ഫ്രാഞ്ചൈസിയുടെ നിയന്ത്രണം ആമസോൺ എംജിഎം ഏറ്റെടുത്തതും പുതിയ അണിയറപ്രവർത്തകരെ തീരുമാനിച്ചതും തിരഞ്ഞെടുപ്പ് നീളാൻ കാരണമായി. റോബർട്ട് പാറ്റിൻസണെ ബോണ്ട് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജെയിംസ് ബോണ്ട് നോവലുകളുടെ രചയിതാവായ ഇയാൻ ഫ്ലെമിങ്ങിന്റെ പ്രസാധക സ്ഥാപനവും രംഗത്തെത്തി. രാജകുടുംബത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും ‘ഹിസ് മജസ്റ്റീസ് സീക്രട്ട് സർവീസിലേക്ക് സ്വാഗതം, മിസ്റ്റർ ബോണ്ട്’ എന്ന സന്ദേശത്തോടെ താരത്തെ അഭിനന്ദിച്ചു.