ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് നാവികസേനയുടെ ആണവ അന്തർവാഹിനിയായ എച്ച്എംഎസ് വെഞ്ചിയൻസ് 217 ദിവസം കടലിനടിയിൽ ചെലവഴിച്ച രഹസ്യ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി. ഏപ്രിൽ 12ന് സ്കോട്ട് ലൻഡിലെ ഫാസ്ലെയിൻ നാവികത്താവളത്തിൽനിന്ന് പുറപ്പെട്ട അന്തർവാഹിനി ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. 140 ജീവനക്കാരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. മാസങ്ങളോളം കടലിനടിയിൽ ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിച്ച സംഘം രാജ്യത്തിന്റെ ആണവ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ നിർണായക ദൗത്യമാണ് പൂർത്തിയാക്കിയത്. ജീവനക്കാരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങും എത്തിയിരുന്നു.

ബ്രിട്ടന്റെ ആണവ പ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ റിലന്റ്ലെസിന്റെ ഭാഗമായാണ് എച്ച്എംഎസ് വെഞ്ചിയൻസിനെ വിന്യസിച്ചത്. റോയൽ നേവിയുടെ കുറഞ്ഞത് ഒരു ആണവശക്തിയുള്ള അന്തർവാഹിനിയെങ്കിലും എല്ലായ്പ്പോഴും കടലിൽ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. തിരിച്ചെത്തിയ ജീവനക്കാരെ അഭിനന്ദിച്ച പ്രതിരോധ സെക്രട്ടറി, ബ്രിട്ടന്റെയും സഖ്യരാജ്യങ്ങളുടെയും സുരക്ഷയ്ക്കായി ഇവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞു. ദീർഘകാലം കുടുംബങ്ങളിൽനിന്ന് അകന്ന് കഴിയേണ്ടിവരുന്ന നാവികരുടെ ത്യാഗത്തെയും അവരുടെ കുടുംബങ്ങളുടെ പിന്തുണയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

റോയൽ നേവിയുടെ നാല് വാൻഗാർഡ് ക്ലാസ് അന്തർവാഹിനികളിലൊന്നാണ് 492 അടി നീളമുള്ള എച്ച്എംഎസ് വെഞ്ചിയൻസ്. ശത്രുക്കളുടെ നിരീക്ഷണത്തിൽപ്പെടാതെ രഹസ്യമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഇവയ്ക്ക് 16 ട്രൈഡന്റ് II ഡി5 ബാലിസ്റ്റിക് മിസൈലുകൾ വരെ വഹിക്കാനാകും. ഏകദേശം 4,600 മൈൽ ദൂരപരിധിയുള്ളവയാണ് ഈ മിസൈലുകൾ. ബ്രിട്ടന്റെ ആണവ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത നാലുവർഷത്തിനിടെ 63 ബില്യൻ പൗണ്ടിലധികം ചെലവഴിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്കോട്ട് ലൻഡിലെ എച്ച്എം നേവൽ ബേസ് ക്ലൈഡ് ഉൾപ്പെടെയുള്ള നാവികത്താവളങ്ങളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. ആഗോളതലത്തിൽ സംഘർഷ സാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആണവ പ്രതിരോധ ശേഷി നിലനിർത്തുന്നതിനുള്ള നടപടികൾക്കും സർക്കാർ മുൻഗണന നൽകുന്നു.











Leave a Reply