ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ചാരപ്രവർത്തനം നടത്തിയെന്ന ഗുരുതരമായ ആരോപണത്തെ തുടർന്ന് അറസ്റ്റിലായ യുഎസ് സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ ടൈനറെ അമേരിക്കൻ സൈനിക അധികൃതരുടെ കസ്റ്റഡിയിലേക്ക് മാറ്റി. റഷ്യയ്ക്ക് വേണ്ടി രഹസ്യവിവരങ്ങൾ ചോർത്തിയെന്ന സംശയത്തെ തുടർന്നായിരുന്നു അറസ്റ്റ്. ബ്രിട്ടന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ എംഐ5യും അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) സംയുക്തമായി നടത്തിയ ദീർഘകാല അന്വേഷണത്തിനൊടുവിലാണ് നടപടി.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള ടൈനർ അറസ്റ്റിലാകുമ്പോൾ ഗ്ലോസ്റ്ററിന് സമീപം നാറ്റോയുടെ അലൈഡ് റാപ്പിഡ് റിയാക്ഷൻ കോർപ്സിൽ പ്രവർത്തിക്കുകയായിരുന്നു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വിവരങ്ങൾ റഷ്യയ്ക്ക് ചോർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അന്വേഷണസംഘം പ്രോസിക്യൂഷൻ നടപടികൾക്കായി കേസ് ഫയൽ സമർപ്പിച്ചിരുന്നു.

എന്നാൽ പിന്നീട് ബ്രിട്ടീഷ് അറ്റോർണി ജനറലിന്റെ ഓഫീസും അമേരിക്കൻ അധികൃതരും വിഷയത്തിൽ ഇടപെട്ടു. അന്വേഷണം അമേരിക്കൻ ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചതായി ബ്രിട്ടനിലെ കൗണ്ടർ ടെററിസം പൊലീസിന്റെ മേധാവി ലോറൻസ് ടെയ്ലർ വ്യക്തമാക്കി. ചാരപ്രവർത്തന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈനർ ഇനി ബ്രിട്ടനിൽ വിചാരണ നേരിടില്ല. പകരം അമേരിക്കൻ സൈനിക നിയമമായ യൂണിഫോം കോഡ് ഓഫ് മിലിട്ടറി ജസ്റ്റിസ് പ്രകാരമായിരിക്കും തുടർനടപടികൾ.











Leave a Reply