കോവളത്തെ സ്പായിൽ പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. മാറനല്ലൂർ കൂവളശ്ശേരി സ്വദേശിയും ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനം നടത്തുന്നയാളുമായ ഡോ. മനീഷ് എന്ന ഷിബുവിനെയാണ് (48) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ മൂന്നാം പ്രതിയായ സജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള കോവളത്തെ ഡാലിയ ഹോംസ്റ്റേയിൽ വെച്ചാണ് ഷിബു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. നാലുതവണ ഇയാൾ ഹോംസ്റ്റേയിലെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സ്പായിൽ ഗൂഗിൾ പേ വഴി പണം നൽകിയതിന്റെ വിവരങ്ങളും ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയിലേക്ക് എത്തിയത്. പീഡനത്തിനിരയായ പെൺകുട്ടിയും ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ നേരത്തേ അറസ്റ്റിലായ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയെ തമിഴ്നാട് വണ്ടല്ലൂർ പൊലീസ് ഗുഡുവാഞ്ചേരിയിലെ സ്പായിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതായും എസ്.ഐ.ടി അറിയിച്ചു.
അതേസമയം, വയനാട് വൈത്തിരിയിലെ വൻകിട ഹോട്ടലിൽ സജിത്ത്കുമാർ മുറികൾ വാടകയ്ക്കെടുത്ത് സ്പാ നടത്തിയ സംഭവത്തിലും അന്വേഷണം വ്യാപിപ്പിച്ചു. ആയുർവേദ ചികിത്സയ്ക്കെന്ന പേരിലാണ് മൂന്ന് മുറികൾ വാടകയ്ക്കെടുത്തതെന്നാണ് വിവരം. ഇതിനായി അഞ്ചുലക്ഷം രൂപ അഡ്വാൻസും പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടകയും നൽകാമെന്ന് കരാറുണ്ടാക്കിയിരുന്നു. എന്നാൽ, മുറികൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹോട്ടലുടമയുടെ മൊഴി. പെൺകുട്ടിയെ ഈ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി വീണ്ടും അന്വേഷണം നടത്തുന്നത്.











Leave a Reply