കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ വിചാരണയ്ക്കിടെ ജഡ്ജി അപമാനിച്ചുവെന്നായിരുന്നു ടി.ബി. മിനിയുടെ പരാതി. കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്തുദിവസത്തിൽ താഴെ മാത്രമാണ് ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും അവർ ആരോപിച്ചു.
2026 ജനുവരി 12ന് നടത്തിയ പരാമർശം തന്റെ അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കിയെന്നും ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ അധിക്ഷേപ പ്രചാരണം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരുന്നെങ്കിലും ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ജഡ്ജിയുടെ പരാമർശം വിധിയുടെ ഭാഗമാക്കിയിട്ടില്ലെന്നും അത് കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുന്ന തരത്തിലുള്ളതല്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി തള്ളിയത്. വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന അഭിഭാഷകയുടെ ആവശ്യം ഇതോടെ ഹൈക്കോടതി അംഗീകരിച്ചില്ല.











Leave a Reply