ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന അഞ്ച് പദ്ധതികൾക്ക് എർത്ത്‌ഷോട്ട് പുരസ്‌കാരം സമ്മാനിച്ച് വെയിൽസ് രാജകുമാരൻ വില്യമും രാജകുമാരി കാതറിനും. മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട ഓരോ വിജയിക്കും പദ്ധതികൾ കൂടുതൽ വിപുലീകരിക്കുന്നതിനായി പത്തുലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) വീതം ലഭിക്കും. ലോകജനസംഖ്യയുടെ അഞ്ചിലൊരുഭാഗത്തിന് ജലസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പരിസ്ഥിതി നയങ്ങൾ പരിഗണിച്ച് ഭൂട്ടാനും പുരസ്‌കാരം നേടി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, നടന്മാരായ റാമി മാലെക്, ആലിയ ഭട്ട്, സോനം കപൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ബ്രിട്ടീഷ് സംഗീതസംഘമായ ടേക്ക് ദാറ്റും നടി സിമോൺ ആഷ്‌ലിയും ഉൾപ്പെടെയുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകൃതിയെ സംരക്ഷിക്കുക, വായുമലിനീകരണം കുറയ്ക്കുക, സമുദ്രജീവികളെ സംരക്ഷിക്കുക, മാലിന്യമുക്ത ലോകം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക എന്നീ അഞ്ച് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരങ്ങൾ നൽകിയത്. ഭൂട്ടാനു പുറമെ ഫ്രാൻസിൽ അപകടകാരികളായ ദീർഘകാലം നിലനിൽക്കുന്ന രാസവസ്തുക്കൾ നിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിയ പി.എഫ്.എ.എസ്-ഫ്രീ ഫ്രാൻസ്, സമുദ്രസംരക്ഷണത്തിന് നേതൃത്വം നൽകുന്ന നിയു ഓഷ്യൻ വൈഡ് ട്രസ്റ്റ്, ഇന്ത്യയിൽ പത്ത് ലക്ഷം വരെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ ലക്ഷ്യമിടുന്ന മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി, കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ച് കടൽക്കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ മുന്നിലെത്തിയ ഊർസ്റ്റഡ് എന്നിവയാണ് മറ്റ് വിജയികൾ.

ചടങ്ങിൽ സംസാരിച്ച വില്യം, ഈ ദശകം പരിസ്ഥിതി രംഗത്തെ ഗുണകരമായ മാറ്റങ്ങൾ തിരിച്ചുപോകാനാകാത്ത വിധം ഉറപ്പിക്കുന്നതിനുള്ള നിർണായക കാലഘട്ടമാണെന്ന് പറഞ്ഞു. പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ നൽകുന്ന സംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും പ്രവർത്തനങ്ങളെ കാതറിനും അഭിനന്ദിച്ചു. ഇന്ത്യയിലെ പരമ്പരാഗത വസ്ത്രധാരണ രീതികൾക്ക് പ്രാധാന്യം നൽകുന്ന വേഷങ്ങളിലാണ് ഇരുവരും ചടങ്ങിനെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി വില്യമും കാതറിനും ഇലക്ട്രിക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയും പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 ടീമുകളുമായി സംവദിക്കുകയും ചെയ്തു. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഇരുവരുടെയും ആദ്യ ഔദ്യോഗിക വിദേശയാത്രയാണിത്. ഇന്ത്യയിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.