ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജയിലിൽ കഴിയുന്ന ഹാസ്യനടൻ റസൽ ബ്രാൻഡ് കുറ്റവിമുക്തനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭാര്യ ലോറ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ നീക്കണമെന്ന ബ്രിട്ടീഷ് സർക്കാരിന്റെ ആവശ്യം ഗൂഗിൾ തള്ളി. വീഡിയോ യൂട്യൂബിന്റെ നയങ്ങൾ ലംഘിക്കുന്നില്ലെന്നാണ് ഗൂഗിളിന്റെ നിലപാടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇരകൾക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഉള്ളടക്കമായതിനാൽ വീഡിയോ നീക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രിസൺ സർവീസ് ഗൂഗിളിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടെന്നും ബന്ധപ്പെട്ട വിഭാഗങ്ങൾ പരിശോധന നടത്തുകയാണെന്നും ഗൂഗിൾ അറിയിച്ചു.

ബലാത്സംഗക്കേസിലും മൂന്ന് ലൈംഗികാതിക്രമക്കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പത്തുവർഷവും ആറുമാസവും തടവുശിക്ഷ അനുഭവിക്കുകയാണ് റസൽ ബ്രാൻഡ്. കഴിഞ്ഞ ഞായറാഴ്ച ഭാര്യ ലോറ പങ്കുവെച്ച വീഡിയോയിൽ ബ്രാൻഡിന്റെ സന്ദേശം വായിച്ചുകേൾപ്പിച്ചിരുന്നു. താൻ ശിക്ഷിക്കപ്പെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നാണ് സന്ദേശത്തിൽ ബ്രാൻഡ് അവകാശപ്പെട്ടത്. ഇത് ഇരകളെ വേദനിപ്പിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് സർക്കാർ പ്രതികരിച്ചു. വീഡിയോ നീക്കം ചെയ്യണമെന്ന കാര്യത്തിൽ യൂട്യൂബുമായി സർക്കാർ ചർച്ച തുടരുകയാണെന്ന് ഹൗസിങ് മിനിസ്റ്റർ മാത്യു പെന്നികൂക്ക് വ്യക്തമാക്കി.
അതേസമയം, വീഡിയോ നീക്കം ചെയ്യാൻ സർക്കാരിന് നേരിട്ട് അധികാരമില്ലെന്നും അതിനാൽ യൂട്യൂബ് സ്വന്തം നിലപാടനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും മുൻ വനിതാ സുരക്ഷാ മന്ത്രി ജെസ് ഫിലിപ്സ് പറഞ്ഞു. തടവുകാർക്ക് ഇരകൾക്ക് മാനസിക വിഷമമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്താൻ അനുമതിയില്ലെന്നും ബ്രാൻഡിന്റെ സന്ദേശം ജയിൽ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2023-ൽ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബ്രാൻഡിന്റെ യൂട്യൂബ് ചാനലിലെ പരസ്യവരുമാനം യൂട്യൂബ് തടഞ്ഞിരുന്നു. എന്നാൽ വിവാദ വീഡിയോയും അക്കൗണ്ടും ഇപ്പോഴും ലഭ്യമാണ്. ഇതിനിടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മെറ്റയുടെ പ്ലാറ്റ്ഫോമുകളിലെ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ കഴിഞ്ഞയാഴ്ച പ്രവർത്തനരഹിതമാക്കിയിരുന്നു.











Leave a Reply