ന്യൂസ് ഡെസ്ക് , മലയാളം യുകെ

വർദ്ധിച്ചുവരുന്ന കൊറോണാ വൈറസ് വ്യാപന ഭീതിയിൽ യുകെയിൽ ഉടനീളം ദശലക്ഷക്കണക്കിന് ജനങ്ങൾ വരും ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളുടെ കീഴിലാകും. നാളെമുതൽ ഇംഗ്ലണ്ടിലെ 38 ദശലക്ഷം ജനങ്ങളാണ് ടയർ – 3 നിയന്ത്രണങ്ങളിലാകുന്നത്. വടക്കൻ അയർലൻഡിൽ ഡിസംബർ 26 മുതൽ 6 ആഴ്ചത്തെ ലോക്ക്ഡൗൺ ആയിരിക്കും. മാർച്ചിലെ പൂർണ്ണമായ അടച്ചിടലിന് സമാനമായ സാഹചര്യമാണ് വടക്കൻ അയർലൻഡിൽ വരാൻ പോകുന്നത്.

ടയർ സംവിധാനം ഫലപ്രദമാണെന്നും എന്നാൽ ആവശ്യമായി വന്നാൽ ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗണിൻെറ സാധ്യത തള്ളിക്കളയാനാവുകയില്ലെന്നുമാണ് മന്ത്രി നിക്ക് ഗിബ്ബ്‌ പ്രതികരിച്ചത്. വൈറസിൻെറ പിടിയിൽനിന്ന് രക്ഷനേടാൻ പൂർണ്ണ ലോക്ഡൗൺ ഉൾപ്പെടെയുള്ള എന്ത് കടുത്ത നടപടികളും സ്വീകരിക്കണമെന്നാണ് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനിലെ ഡോ. കാതറിൻ ഹെൻഡേഴ്സൺ അഭിപ്രായപ്പെട്ടത്.

ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഇളവ് വരുത്തുകയും മൂന്നോളം കുടുംബങ്ങൾക്ക് ഒരു വീട്ടിൽ ഒത്തുചേരാനും, ഓവർ നൈറ്റ് ചിലവഴിക്കാനുമുള്ള അനുവാദം ബ്രിട്ടീഷ് സർക്കാർ നൽകിയതിനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നാഷണൽ ഹെൽത്ത് സർവീസ് നടത്തിയത് മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്തുമസ് സമയത്തെ കൂടിച്ചേരലുകളിൽ പതിയിരിക്കുന്ന അപകട സാധ്യതയെ കുറിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ എൻഎച്ച്എസ് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് കാലത്ത് ഒത്തുചേരലുകൾക്ക് പദ്ധതിയിടുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്ന സന്ദേശം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഫലത്തിൽ ക്രിസ്മസ് കാലയളവിലെ പുനസമാഗമവും ഒത്തുചേരലുകളും പരമാവധി ഒഴിവാക്കാനുള്ള സന്ദേശമാണ് രാഷ്ട്രീയനേതൃത്വവും ആരോഗ്യ വിദഗ്ധരും നൽകുന്നത്.