കണ്ണൂർ പാനൂരിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാം ക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. പാനൂർ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. എട്ടാം ക്ലാസ്, ഒൻപതാം ക്ലാസ് വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ നടത്തിയ ആക്രമണത്തിൽ എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സ്കൂളിൽ വെച്ചുണ്ടായ നിസ്സാര വാക്കുതർക്കമാണ് പിന്നീട് സ്കൂളിന് പുറത്തേക്ക് വ്യാപിച്ച് കൂട്ടത്തല്ലിൽ കലാശിച്ചത്. ബസ് സ്റ്റാൻഡിന് സമീപത്തെ മാളിനും ബൈപ്പാസ് റോഡിനും ഇടയിലുള്ള വഴിയിലായിരുന്നു സംഘർഷം. അടിപിടി രൂക്ഷമായതോടെ എട്ടാം ക്ലാസിലെ ചില വിദ്യാർഥികൾ സമീപത്തെ വീടുകളിലേക്ക് ഓടിക്കയറി. എന്നാൽ ആക്രമണം പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയുടെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേൽക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ആദ്യം പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രദേശത്ത് വിദ്യാർഥി സംഘടനകൾ തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഗുരുതരമായ സംഘർഷം ആദ്യമായാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്കൂളിൽ അടിയന്തരമായി പി.ടി.എ. യോഗം വിളിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











Leave a Reply