ഇടുക്കി കട്ടപ്പനയ്ക്ക് സമീപം കടമക്കുഴിയിലുണ്ടായ വൻ മണ്ണിടിച്ചിലിന് കാരണം സമീപത്തെ കരുവാക്കുളത്ത് പ്രവർത്തിച്ചിരുന്ന അനധികൃത ക്വാറിയിലെ ശക്തമായ പാറപൊട്ടിക്കലാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പഠനറിപ്പോർട്ട്. നവംബർ 14-ന് ഉണ്ടായ ദുരന്തത്തിൽ ഒരാൾ മരിക്കുകയും പത്തേക്കറിലേറെ ഭൂമിയും കൃഷിയും നശിക്കുകയും ചെയ്തിരുന്നു. വള്ളക്കടവ് സ്വദേശി പുരയിടത്തിൽ ബെന്നി (59) ആണ് മരിച്ചത്. രാവിലെ 8.30ഓടെയായിരുന്നു അപകടം. കുന്നിന്റെ മുകൾഭാഗത്തുനിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറകളും മണ്ണും താഴേക്ക് പതിച്ചാണ് ദുരന്തമുണ്ടായത്. മണ്ണിടിച്ചിൽ ആരംഭിച്ച സ്ഥലം കുന്നിൻമുകളിൽനിന്ന് ഏകദേശം 400 മീറ്റർ താഴെയാണെന്നും ബെന്നി മരിച്ച സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ മുകളിലുള്ള ഭാഗത്തുനിന്നാണ് പാറകൾ ഉരുണ്ടുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ദുരന്തത്തിന് കാരണമായേക്കാവുന്ന അനധികൃത പാറപൊട്ടിക്കൽ കുന്നിന്റെ മറുഭാഗത്ത് വ്യാപകമായി നടന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഏലച്ചെടികൾ പിഴുതുമാറ്റിയും മണ്ണ് നീക്കിയും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറകൾ പൊട്ടിച്ചിരുന്നതായാണ് റിപ്പോർട്ട്. എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ രാവിലെവരെ ക്വാറിയിൽ പ്രവർത്തനം നടന്നിരുന്നു. രാത്രിയിൽ രണ്ടുതവണ വീതം ശക്തമായ സ്ഫോടനങ്ങൾ നടത്തിയിരുന്നതായും മണ്ണിടിച്ചിലിന് തൊട്ടുമുമ്പുള്ള രാത്രി എട്ടിനും പതിനൊന്നിനും സ്ഫോടനം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. അനധികൃത ഖനനം തടയുന്നതിൽ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്വാറി ആരുടെ ഭൂമിയിലാണ് പ്രവർത്തിക്കുന്നതെന്നോ സ്ഫോടനം നടത്തുന്നത് ആരാണെന്നോ കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകാത്തത് ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനധികൃത ക്വാറി നടത്തിപ്പുകാർ സ്ഫോടകവസ്തുക്കൾ എവിടെനിന്ന് ശേഖരിച്ചുവെന്നും അവയുടെ സംഭരണവും ഇടപാടുകളും എങ്ങനെയായിരുന്നുവെന്നും വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. അനധികൃത സ്ഫോടകവസ്തു ഇടപാടുകൾ രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാണെന്നും മുന്നറിയിപ്പുണ്ട്. ഖനന-ഭൂവിജ്ഞാന വകുപ്പിനോട് നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് തേടണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന്റെ യഥാർഥ കാരണം സ്ഥിരീകരിക്കാൻ ഭൂവിജ്ഞാന വകുപ്പിലെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മണ്ണിടിച്ചിൽ ഉപദേശക സമിതിയിലെയും വിദഗ്ധരെ ഉൾപ്പെടുത്തി വിശദമായ പഠനം നടത്തണമെന്നും ശുപാർശയുണ്ട്. അനധികൃത ഖനനവും സ്ഫോടനവുമാണ് ദുരന്തത്തിന് കാരണമെന്ന് വിദഗ്ധസമിതി സ്ഥിരീകരിച്ചാൽ ഉത്തരവാദികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.